മലപ്പുറം - രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി വിവിധ മത്സരങ്ങളിൽ കളിച്ച് ശ്രദ്ധേയരായ ഫുട്ബോൾ താരങ്ങളുടെ സംഗമം ശ്രദ്ധേയമായി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ 'ഒന്നിപ്പ്' പര്യടനത്തിന്റെ ഭാഗമായാണ് അരീക്കോട്ട് ഫുട്ബോൾ താരങ്ങളുടെ സംഗമം സംഘടിപ്പിച്ചത്.
മികച്ച ഫുട്ബോൾ സ്റ്റേഡിയങ്ങൾ മലപ്പുറത്തുണ്ടാവേണ്ടതുണ്ടെന്ന് റസാഖ് പാലേരി പറഞ്ഞു. ദേശീയ സംസ്ഥാന ടീമുകൾക്ക് മികച്ച കളിക്കാരെ എക്കാലവും സംഭാവന ചെയ്ത ജില്ലയാണ് മലപ്പുറം. ഇവിടത്തെ പരിമിതമായ കളി മൈതാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവരെല്ലാം ഉയർന്നുവന്നത്. മികച്ച ഗ്രൗണ്ടുകളും സ്റ്റേഡിയങ്ങളും ജില്ലയിലുണ്ടായിരുന്നുവെങ്കിൽ ഇതിനേക്കാൾ കളിക്കാരെ രാജ്യത്തിന് സംഭാവന ചെയ്യാൻ മലപ്പുറത്തിനാവും. അത്രയും പ്രതിഭകൾ ഈ ജില്ലയിലുണ്ട്. അവരെ വളർത്തിയെടുക്കാനുള്ള സംവിധാനങ്ങളൊരുക്കാനുളള ബാധ്യതയും ഉത്തരവാദിത്വവും സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കുണ്ടെന്ന് റസാഖ് പാലേരി പറഞ്ഞു.
രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി കളിച്ച കായിക പ്രതിഭകൾക്ക് സർക്കാർ ജോലി ലഭിക്കുക എന്നത് ഔദാര്യമല്ല; അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കായിക താരങ്ങൾക്ക് അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്, ഭരണകൂടത്തിന്റെയും അവരുടെ കയ്യാളുകളുടെയും ഭാഗത്തുനിന്ന് തന്നെ അന്തർദേശീയ സ്ഥലങ്ങളിൽ തിളങ്ങി നിന്ന വനിതാ താരങ്ങൾക്ക് നേരെ വരെ അക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളത്. ഫാസിസത്തെ പ്രതിരോധിക്കാൻ എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് നിൽക്കേണ്ട സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളതൊന്നും അദ്ദേഹം പറഞ്ഞു.
സമദ് മാസ്റ്റർ (വെറ്ററൻസ്, അന്തർദേശീയ ജേതാവ്), കെ സി അബ്ദു മാസ്റ്റർ കിഴുപറമ്പ് (വെറ്ററൻസ് നാഷണൽ ജേതാവ് ), അബ്ദുൽ കരീം കാഞ്ഞിരല (മുൻ കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്), നാലകത്തു സലാം (ഡ്ഫാ), ഗായകൻ കെ.വി. അബുട്ടി, ഒളിമ്പ്യൻ റഹ്മാൻ മമ്പാട്, അക്ബർ സന്തോഷ് ട്രോഫി, എ.കെ. സക്കീർ (റിട്ട. ഡെപ്യൂട്ടി കമാണ്ടർ), അബ്ദുറഹ്മാൻ പൂവഞ്ചേരി (ഫുട്ബോൾ എഴുത്തുകാരൻ ), ഹഫീഫ് തറവട്ടത്, ഉബൈദ് (ബി.എസ്.എൻ.എൽ), നാസർ (ബി.എസ്.എൻ.എൽ), ഇ ലത്തീഫ് (കെൽട്രോൺ ), കെ വി ആബിദ് (കെ.എസ്.ആർ.ടി.സി), റിബാസ് മസാഹി കോളക്കോടൻ, ഫുട്ബോൾ നിരീക്ഷകൻ സുബൈർ വാഴക്കാട്, ഫ്രീക്കിലൂടെ താരമായ ഫിദ തുടങ്ങി ദേശീയ - അന്തർ ദേശീയ കായിക രംഗത്തെ അമ്പതോളം പ്രമുഖർ പങ്കെടുത്തു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കിഴുപറമ്പ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മജീദ് ചാലിയാർ സ്വാഗതവും, അലി മാസ്റ്റർ നന്ദിയും അർപ്പിച്ചു.
സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിഷ, മുജീബ് പാലക്കാട്, ജില്ലാ നേതാക്കളായ മുനീബ് കാരക്കുന്ന്, നസീറ ബാനു, നൗഷാദ് ചുള്ളിയൻ എന്നിവർ സംസ്ഥാന പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
വെള്ളിയാഴ്ച തുടങ്ങിയ പര്യടനയാത്ര ഇന്നും നാളെയും മലപ്പുറം ജില്ലയിൽ ഉണ്ടാകും.