Sorry, you need to enable JavaScript to visit this website.

ഗണേഷിനോട് തന്നെ ചോദിക്കണം, ഉമ്മൻ ചാണ്ടിയെ കളങ്കപ്പെടുത്തരുത്-ഇ.പി ജയരാജൻ

കണ്ണൂർ- സോളാർ കേസിലെ ഗണേഷ് കുമാറിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി ഗണേഷ് കുമാറിനോട് തന്നെ ചോദിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. ഉമ്മൻചാണ്ടി സർക്കാർ ആണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നും മരിച്ചുപോയ ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും ജയരാജൻ പറഞ്ഞു. പുതുപ്പള്ളിയിൽ യു.ഡി.എഫിന് ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കാത്ത വിജയമാണെന്നും ജയരാജൻ പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ നിലപാട് പൊതുവെ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഉമ്മൻചാണ്ടിയുടെ മരണത്തിന് ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് വന്നത് യു.ഡി.എഫിന് ഉപയോഗപ്പെടുത്താൻ സാധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സാധാരണ ഇത്തരം നിലപാട് എടുക്കാറില്ല. ഒരു പാർട്ടിയോടും ആലോചിക്കാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സഹതാപം നിലനിർത്താനും ഉണ്ടാക്കാനും ആസൂത്രിത ശ്രമം ഉണ്ടായി. ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ആളുകളെ എത്തിച്ചു. ഇതെല്ലാം വോട്ടാക്കി മാറ്റാൻ യു.ഡി.എഫ് ശ്രമിച്ചു. എൽ.ഡി.എഫ് ഏറെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ ഭരണം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈജാക് ചെയ്തെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതക്ക് നിരക്കാത്തതാണ്. പ്രതിപക്ഷ നേതാവ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ജയരാജൻ പറഞ്ഞു.
 

Latest News