കൊച്ചി - കൊച്ചിയിൽ വനിതാ ഡോക്ടറെ ചുംബിച്ചുവെന്നതടക്കമുള്ള ലൈംഗികാതിക്രമ കേസ് നേരിടുന്ന സീനിയർ ഡോക്ടർക്കെതിരെ പരാതിയുമായി മറ്റൊരു വനിതാ ഡോക്ടറും രംഗത്ത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഡോ. മനോജിനോടൊപ്പം ജോലിചെയ്ത ഇപ്പോൾ അമേരിക്കയിലുള്ള ഒരു വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്തെത്തിയത്.
ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് ഇ മെയിലായി അയച്ച പരാതിയിലുള്ളത്. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന വനിതാ ഡോക്ടർ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലേക്കാണ് ഇത് സംബന്ധിച്ച പരാതി അയച്ചത്. പരാതിയിൽ കേസെടുത്തതായി പോലീസ് പറഞ്ഞു. നിയമ നടപടി ആവശ്യമില്ലെന്ന് വനിതാ ഡോക്ടർ അറിയിച്ചെങ്കിലും പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം തുടർനടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
എറണാകുളം ജനറൽ ആശുപത്രിയിൽ 2019-ൽ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ പോലീസ് മറ്റൊരു വനിതാ ഡോക്ടറുടെ പരാതിയിൽ നേരത്തെ ബലാത്സംഗകുറ്റം ചുമത്തിയിട്ടുണ്ട്. ഇന്റേൺഷിപ്പിനിടെ കോട്ടേഴ്‌സിന് സമീപമുള്ള ക്ലിനിക്കിലേക്ക് വിളിപ്പിച്ചെന്നും ബലമായി ശരീരത്തിൽ സ്പർശിച്ചുവെന്നും ചുംബിച്ചുവെന്നുമാണ് വനിതാ ഡോക്ടറുടെ പരാതി. ഇതു സംബന്ധിച്ച് പിറ്റേദിവസംതന്നെ ആശുപത്രി അധികൃതർക്ക് പരാതി നല്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതിനാൽ പ്രതികൂല ഇടപെടലുണ്ടാകുമെന്ന് ഭയന്ന് പരാതിയുമായി മുന്നോട്ട് പോയില്ല. ഡോക്ടർ മനോജിന് സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് തന്റെ ദുരനുഭവം വീണ്ടും പുറത്തു പറയുന്നതെന്ന് വനിതാ ഡോക്ടർ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഈ പരാതി ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എറണാകുളത്തുനിന്നും ട്രാൻസ്ഫറായ ഡോക്ടർ മനോജ് ആലുവ ജില്ലാ ആശുപത്രിയിലാണിപ്പോൾ ജോലി ചെയ്യുന്നത്.