കൊച്ചി- ഉപജീവനത്തിനായി തെരുവില്‍ മത്സ്യക്കച്ചടവം നടത്തിയ കോളേജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിയെ ചോദ്യം ചെയ്ത ശേഷം വിട്ടയുച്ചു. വൈത്തിരി പടിഞ്ഞാറത്തറയില്‍ നൂറുദ്ദീന്‍ ഷെയ്ഖിനെ(32) ആണ് പാലാരിവട്ടം പോലീസ് കസ്റ്റിഡിയിലെടുത്തിരുന്നത്. ഇയാള്‍ക്കെതിരെ ഐ.ടി ആക്റ്റ്, ഐ.പി.സി, പൊലീസ് ആക്റ്റ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ തെളിവില്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് പോലീസ് പറയുന്നു. അസി. സിറ്റി പോലീസ് കമ്മിഷണര്‍ കെ. ലാല്‍ജി, നോര്‍ത്ത് സി.ഐ കെ.ജെ. പീറ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഇയാളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നോര്‍ത്ത് സി.ഐ പറഞ്ഞു.
തന്നെ മറുനാടന്‍ മലയാളി ലേഖകന്‍ അര്‍ജുന്‍ സി. വനജ് ആണ് തെറ്റിദ്ധരിപ്പിച്ച് വിഡിയോ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് നൂറുദ്ദീന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മറുനാടന്‍ മലയാളി ലേഖകനെ പോലീസ് ചോദ്യം ചെയ്യും.
ഫേസ്ബുക്കില്‍ നൂറുദ്ദീന്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അസഭ്യപരാമര്‍ശങ്ങളില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ആദ്യം ഇയാള്‍ ഹനാനെ പിന്തുണച്ച് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പിന്നീട് ഹനാന്റേത് സിനിമയുടെ പ്രചാരണത്തിന് വേണ്ടിയുള്ള നാടകമാണെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഹനാനെതിരെ വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ തെറ്റുപറ്റിയെന്ന് മനസ്സിലായപ്പോള്‍ ക്ഷമ ചോദിച്ചു കൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തു. നൂറുദ്ദീന്‍ ഷെയ്ഖ് പോസ്റ്റ് ചെയ്ത വീഡിയോകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനത്തിനുള്ളില്‍ വരുന്നതാണെന്നും കുറ്റകരമല്ലെന്നും സുപ്രീം കോടതിയുടെ ചില മുന്‍കാല ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് വിലയിരുത്തുന്നു.
നൂറുദ്ദീന്‍ ഷെയ്്ഖിന്റെ വിഡിയോക്ക് കമന്റ് ചെയ്തവര്‍ പലരും അസഭ്യ പ്രതികരണങ്ങളാണ് നടത്തിയത്. ഇത്തരത്തില്‍ ഹനാനെതിരെ അസഭ്യപ്രയോഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസെടുത്താല്‍ മതിയെന്നാണ് പോലീസ് തീരുമാനം. ഹനാന്റെ വാര്‍ത്ത കെട്ടിച്ചമച്ചതും തട്ടിപ്പുമാണെന്നു ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റിടുകയും മറുനാടന്‍ മലയാളി ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണു വിദ്യാര്‍ഥിനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമുണ്ടായത്. തുടര്‍ന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നു.
അതേസമയം, നൂറുദ്ദീന്‍ ഒരു മാനസിക രോഗിയെ പോലെ തന്നെ വേട്ടയാടുകയായിരുന്നുവെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നുമാണ് ഹനാന്‍ പ്രതികരിച്ചത്.