തൃശൂര്‍-സുരേഷ് ഗോപി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍). ഫേസ്ബുക്കിലൂടെയാണ് രാമസിംഹന്റെ ആവശ്യം. പ്രിയ സുരേഷ് ഗോപി മത്സരിക്കരുത് എന്നാണ് രാമസിംഹന്‍ കുറിച്ചു. പിന്നാലെ രാമസിംഹനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. കുത്തിത്തിരുപ്പുകാര്‍ക്ക് സന്തോഷം കൊണ്ട് ഉറങ്ങാന്‍ വയ്യ. തൃശ്ശൂരിലെ കാര്യം തൃശ്ശൂര്‍ക്കാര്‍ തീരുമാനിച്ചോളാം കോയാ.- എന്നാണ് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ കെകെ കമന്റ് ചെയ്തു. വൈകാതെ ഇതിന് മറുപടിയുമായി രാമസിംഹന്‍ രംഗത്തെത്തി.
താങ്കള്‍ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപി യില്‍ ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവില്‍ കേന്ദ്ര കമ്മറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ താങ്കള്‍ക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുച്ചൂടും മുടിക്കുന്നത്, കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരില്‍ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താല്‍ ആ പേരെ വായില്‍ വരൂ..ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പറ്റിയ മുതല്. - എന്നാണ് രാമസിംഹന്‍ കുറിച്ചത്. വിമര്‍ശനം കനത്തതോടെ അനീഷിന്റെ കമന്റ് പങ്കുവച്ചുകൊണ്ട് രാമസിംഹന്‍ മറ്റൊരു പോസ്റ്റുമിട്ടു. ബിജെപിയെ വിമര്‍ശിച്ചാല്‍ ഹൈന്ദവനായ തന്നെ കോയ എന്നു വിളിക്കും എന്നാണ് പോസ്റ്റിലൂടെ രാമസിംഹന്‍ പറഞ്ഞത്. ആത്മാഭിമാനമുള്ള ഹിന്ദുവാണ് താനെന്നും അദ്ദേഹം കുറിച്ചു.