- അച്ചു ഉമ്മനെ പോലെ ആരോപണങ്ങളിൽ വീണയോ പിണറായിയോ മരുമകൻ മന്ത്രി മുഹമ്മദ് റിയാസോ പ്രതികരിക്കുമോ എന്നും ചോദ്യം
കോട്ടയം - പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പല രൂപത്തിലുള്ള വിമർശങ്ങളും അവകാശ ന്യായവാദങ്ങളും നിരത്തിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളുമെല്ലാം. അതിനിടെയാണ് നടൻ സുബീഷ് സുധി പരാജയപ്പെട്ട ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ കുറിച്ച് പറഞ്ഞ കാര്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
വോട്ടെണ്ണലിന് ശേഷമല്ല, തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജെയ്ക് സി തോമസിനോട് സുബീഷ് സുധി ഉന്നയിച്ച ഒരു ചോദ്യവും അതിന് ലഭിച്ച മറുപടിയുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ജെയ്ക് മൂന്നാമതും മണ്ഡലത്തിൽ സ്ഥാനാർത്ഥിയായപ്പോൾ, 'ഉമ്മൻ ചാണ്ടിയുടെ പ്രഭാവത്തിൽ തെരഞ്ഞെടുപ്പിൽ തോറ്റു പോയാലോയെന്നായിരുന്നു' സുബീഷ് സുധി ചോദിച്ചത്. അതിന് ജെയ്ക് തന്ന മറുപടി തന്നെ ഞെട്ടിച്ചുവെന്നാണ് നടൻ പറയുന്നത്.
'പാർട്ടിക്കുവേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ, രണ്ടോ, മൂന്നോ അല്ല, പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്' എന്നായിരുന്നു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജയ്ക് തന്ന മറുപടിയെന്നും അതാണ് സഖാവ് ജെയ്‌ക്കെന്നുമാണ് സുബീഷ് സുധി പറഞ്ഞത്.
പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷത്തിലൂടെ ഇടതുപക്ഷത്തിനും പിണറായി സർക്കാറിനും ചാണ്ടി ഉമ്മൻ വമ്പൻ പ്രഹരമേൽപ്പിച്ചെങ്കിലും ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതീക്ഷ നൽകുന്ന പ്രതികരണമാണ് എതിർ സ്ഥാനാർത്ഥി നടത്തിയതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഉമ്മൻചാണ്ടി തരംഗവും സർക്കാർ വിരുദ്ധ വികാരവും ഒരുപോലെ പ്രകടമായ തെരഞ്ഞെടുപ്പിൽ ഹാട്രിക് തോൽവിയിലും പതറാതെ ജെയ്ക് കൃത്യമായ രാഷ്ട്രീയം പറയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും വാ തുറക്കാത്തതും സമൂഹമാധ്യമങ്ങളിൽ വൻ വിമർശം ക്ഷണിച്ചുവരുത്തുന്നുണ്ട്.
ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വേട്ടയാടിയപ്പോഴും മകളുടെ കരിയറിനെ പോലും തെരഞ്ഞെടുപ്പ് പോർമുഖത്തേക്ക് വലിച്ചിഴച്ചപ്പോഴും അച്ചു ഉമ്മൻ വളരെ കൃത്യമായ മറുപടിയിലൂടെ സി.പി.എമ്മിനെ നിർത്തി പൊരിച്ചിട്ടും, മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരെ ഉയർന്ന വളരെ ഗൗരവപരമായ ആരോപണത്തിൽ ഇരുവരും ഇതുവരെയും വാ തുറക്കാൻ ധൈര്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചോദ്യമുയരുന്നുണ്ട്. അച്ചു ഉമ്മനെ പോലെ വീണയോ, പിണറായിയോ, ഇനി മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് എങ്കിലും മറുപടി പറയട്ടെ എന്നാണവരുടെ ആവശ്യം.