കോട്ടയം - പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ചരിത്രവിജയത്തിന് പിന്നാലെ എൽ.ഡി.എഫിന് ലഭിക്കേണ്ട വോട്ട് ചോർന്നെന്ന ആരോപണത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ് എം രംഗത്ത്.
ഇടതു മുന്നണിയിൽനിന്ന് സി.പി.ഐ തന്നെയാണ് പുതുപ്പള്ളിയിൽ കേരള കോൺഗ്രസ് എമ്മിന്റെ വോട്ടിലും ചോർച്ചയുണ്ടായെന്ന വിമർശം ഉന്നയിച്ചത്. കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തിൽ 2021-നെ അപേക്ഷിച്ച് വൻ വർധനവുണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.ഐയുടെ വിമർശം. സ്വന്തമായി ഉണ്ടെന്ന് പറയപ്പെടുന്ന കേരള കോൺഗ്രസ് എമ്മിന്റെ പതിനയ്യായിരം വോട്ടുകൾ എവിടെ പോയെന്നും ജെയ്ക് സി തോമസിന്റെ വമ്പൻ തോൽവിക്ക് പിന്നാലെ ചോദ്യങ്ങളുയർന്നിരുന്നു.
എന്നാൽ, സി.പി.ഐയുടെ ആരോപണം തള്ളുകയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം. ജെയ്കിന് ലഭിച്ച 42,000 വോട്ടുകളിൽ കേരള കോൺഗ്രസി(എം)ന്റെ വോട്ടുമുണ്ടെന്നും സി.പി.ഐയുടെ ആരോപണത്തിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നും കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് ശക്തികേന്ദ്രമായ അകലക്കുന്നത്തും അയർകുന്നത്തും മാത്രമല്ല പാമ്പാടിയിലും പുതുപ്പള്ളിയിലുമെല്ലാം വോട്ടുചോർച്ച ഉണ്ടായെന്നും അവർ ന്യായീകരിക്കുന്നു. എന്നാൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിൽ ഇതുവരെയും മൗനം വെടിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല.