കവർച്ച ചെയ്യപ്പെട്ടത് 1.80 കോടി മൂല്യമുള്ള സ്വർണ്ണം
തൃശൂർ - തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച നടത്തിയ സംഘത്തെ പറ്റി സൂചന ലഭിച്ചതായി അന്വേഷണ സംഘം. വെള്ളിയാഴ്ച അർധരാത്രിയാണ് തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3.19 കിലോ സ്വർണാഭരണങ്ങൾ മോഷണം പോയത്. കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ടു പോകുന്നതിനായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറിൽ എത്തിയ സംഘം സ്വര്‍ണം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
1.80 കോടി മൂല്യമുള്ള സ്വര്‍ണമാണ് നഷ്ടമായത്. ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ , അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വെള്ള നിറത്തിലുള്ള ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്ന് പറയുന്നു. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രെയിനിൽ പതിവായി കൊണ്ട് പോകാറുണ്ട്. ഇത് അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം. തൃശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഈ ദൃശ്യങ്ങളിൽ നിന്ന് ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ തന്നെയാണോ കവർച്ചക്ക് പിന്നിലെന്ന കാര്യം പോലീസ് പരിശോധിച്ച് വരുന്നു. സ്ഥാപനവും റെയിൽവേ സ്റ്റേഷനും തമ്മിൽ അര കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂവെന്നതിനാൽ ആസൂത്രിതമായ കവർച്ചയാവാനാണ് സാധ്യതയെന്നും പൊലീസ് വിലയിരുത്തുന്നു. ജീവനക്കാരുടെ ഫോൺ വിളി വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
കാറിലെത്തിയ സംഘമാണോ അതോ ജീവനക്കാരെ പിന്തുടർന്ന സംഘം ആണോ കവർച്ചു നടത്തിയത് എന്ന കാര്യത്തിൽ ചെറിയ ആശയക്കുഴപ്പം ഉണ്ട്.
സമീപത്തെ ഇടവഴിയില്‍ പതിയിരുന്നായിരുന്നു സംഘത്തിന്റെ കവര്‍ച്ചയെന്നും പറയുന്നു. സ്വർണവുമായി ആഭരണശാലയിലെ ജീവനക്കാരായ പ്രസാദും റിന്റോയും പോയതിനു പിന്നാലെ മറഞ്ഞിരുന്ന സംഘം ചാടിവീഴുകയായിരുന്നുവെന്നും കവർച്ച നടത്തിയതിനുശേഷം ഇവർ കാറിൽ രക്ഷപ്പെടുകയായിരുന്നു എന്നുമാണ് സംശയിക്കുന്നത്.
കവർച്ചാസംഘത്തിൽ ആറുപേരുണ്ടായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. സ്വർണ്ണം നഷ്ടപ്പെട്ട വിവരം അപ്പോള്‍തന്നെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഈസ്റ്റ് പോലീസിലും അധികൃതര്‍ പരാതിനല്‍കി.