റിയാദ്- സമസ്ത ഇസ് ലാമിക് സെന്റർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി തിരുനബി (സ) സ്‌നേഹം സമത്വം സഹിഷ്ണുത എന്ന പ്രമേയത്തിൽ 'ഒരുക്കം-2023' എന്ന ശീർഷകത്തിൽ നടത്തുന്ന ചതുർമാസ സംഘടന ശാക്തീകരണ കാമ്പയിന് പ്രൗഢമായ തുടക്കം. മഞ്ചേശ്വരം നിയമസഭ മണ്ഡലം എം.എൽ.എ എ.കെ.എം അഷ്‌റഫ് കാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
നിയമസഭയ്ക്ക് അകത്ത് സഭാകമ്പമില്ലാതെ സംസാരിക്കാൻ സാധിച്ചത് മദ്രസ കാലഘട്ടത്തിൽ നബിദിനാഘോഷ പരിപാടികളിൽ പരിശീലിച്ച പ്രസംഗങ്ങളിലൂടെ ആർജിച്ചെടുത്ത ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം ഓർമിച്ചെടുത്തു. പ്രവാസികളുടെ ആരോഗ്യ സംരക്ഷണ ബോധവൽക്കരണം നടത്താൻ എസ്.ഐ.സി പോലെ ബഹുജന അടിത്തറയുള്ള സംഘടനകൾ ശ്രമിക്കണമെന്നും ഈ കാമ്പയിൻ പരിപാടികളിൽ അത് ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിയാദ് സഫാമക്ക പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കോയ വാഫി മുഖ്യപ്രഭാഷണം നടത്തി. കാമ്പയിന്റെ ഭാഗമായി നടക്കുന്ന മീലാദുന്നബി സദസ്സുകൾ, ഏരിയ സംഗമങ്ങൾ, പ്രവർത്തക ക്യാമ്പ്, വിജ്ഞാന മത്സര പരീക്ഷകൾ, സമാപന സംഗമം തുടങ്ങിയ പരിപാടികൾ സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ വിശദീകരിച്ചു.
എസ്.ഐ.സി സംഘടനാ സംവിധാനത്തിന്റെ ഘടനയെ കുറിച്ചും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പുതിയതായി രൂപീകരിച്ച അഞ്ച് സോണുകളെ കുറിച്ചും വിശദമായി പ്രതിപാദിച്ചുകൊണ്ട് സെൻട്രൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി ഷമീർ പുത്തൂർ സംസാരിച്ചു.
വിഖായയുടെ പ്രവർത്തനങ്ങൾക്ക് സ്തുത്യർഹമായ നേതൃത്വം നൽകിയ മുഹമ്മദ് മണ്ണേരിയെ ചടങ്ങിൽ ആദരിച്ചു. ഹാജിമാർക്ക് സേവനങ്ങൾ നൽകിയ വിഖായ പ്രവർത്തകർക്ക് അനുമോദനപത്രം വിതരണം ചെയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എസ്.ഐ.സി സജീവ പ്രവർത്തകൻ മുഹമ്മദിന് മെമന്റോ കൈമാറി യാത്രയയപ്പ് നൽകി.
എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, നാഷണൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറിയും സെൻട്രൽ കമ്മിറ്റി ചെയർമാനുമായ സൈതലവി ഫൈസി പനങ്ങാങ്ങര ആശംസകൾ നേർന്നു. അബ്ദുറഹിമാൻ ഹുദവി, മുബാറക് അരീക്കോട്, മൻസുർ വാഴക്കാട്, അബ്ദുൽ ഗഫൂർ ചുങ്കത്തറ, അഷ്റഫ് വളാഞ്ചേരി, ഫാസിൽ കണ്ണൂർ, നാസർ പെരിന്തൽമണ്ണ, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
സജീർ ഫൈസി, മുനീർ ഫൈസി, ശാഫി ഹുദവി, അഷ്‌റഫ് കൽപകഞ്ചേരി, ഷിഫ്‌നാസ് ശാന്തിപുരം, ഷാഫി മാസ്റ്റർ, ഇഖ്ബാൽ കാവനൂർ, ഉമർകോയ ഹാജി യൂനിവേഴ്‌സിറ്റി, അസീസ് വാഴക്കാട്, ജുനൈദ് മാവൂർ സംബന്ധിച്ചു. ബഷീർ ഫൈസി ചെരക്കാപറമ്പ് പ്രാർഥന നിർവഹിച്ചു. എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് വേങ്ങര സ്വാഗതവും വൈസ് പ്രസിഡന്റ് ബഷീർ താമരശ്ശേരി നന്ദിയും പറഞ്ഞു.