തിരുവനന്തപുരം - കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥിയും പൂവച്ചൽ സ്വദേശിയുമായ ആദി ശേഖർ(15) കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ് കുട്ടിയുടെ അകന്ന ബന്ധു കൂടിയായ പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെതിരെ നരഹത്യക്ക് കേസെടുത്തു. ഇയാൾ ഒളിവിലാണിപ്പോൾ.
കഴിഞ്ഞ മാസം 31ന് പുളിങ്ങോട് ക്ഷേത്രത്തിന് സമീപത്തു വച്ചാണ് വിദ്യാർത്ഥി കാറിടിച്ച് മരിച്ചത്. വാഹനാപകടമാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കൊലപാതകമാണെന്ന് തെളിവ് ലഭിക്കുകയായിരുന്നു. ആദി ശേഖർ സൈക്കിളെടുത്ത് പോകുന്നതിനിടെ കുട്ടിയുടെ ശരീരത്തിലേക്ക് കാർ ഓടിച്ചു കയറ്റുന്നതാണ് സി.സി.ടി.വി ദൃശ്യം.
ക്ഷേത്ര മതിലിനു സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് വിദ്യാർത്ഥി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. അപകടത്തിനു പിന്നാലെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരായ കാട്ടാക്കട പൂവച്ചൽ അരുണോദയത്തിൽ അരുൺകുമാർ-ദീപ ദമ്പതികളുടെ മകനും കാട്ടാക്കാട ചിന്മയ മിഷൻ സ്‌കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിയുമാണ് കൊല്ലപ്പെട്ട ആദി ശേഖർ.