ജിദ്ദ- ഓൺലൈൻ ടാക്‌സി മേഖലയുമായി ബന്ധപ്പെട്ട പുതിയ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും പൊതുഗതാഗത അതോറിറ്റി അംഗീകരിച്ചു. വ്യത്യസ്ത നിയമ ലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 5,000 റിയാൽ വരെയാണ് പിഴ ചുമത്തുക. പുതിയ നിയമാവലിയിൽ രണ്ടു പുതിയ നിയമ ലംഘനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പ് ഓർഡർ അംഗീകരിച്ച ശേഷം യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും അറിയാത്തതിന്റെ പേരിൽ ട്രിപ്പ് റദ്ദാക്കുന്ന പക്ഷം ഡ്രൈവർക്ക് 4,000 റിയാൽ പിഴ ചുമത്തും. അംഗീകരിച്ച ശേഷം റദ്ദാക്കുന്ന ട്രിപ്പുകളുടെ എണ്ണം ഒരു മാസത്തിൽ അഞ്ചെണ്ണം കവിയുന്ന പക്ഷം സേവനം നൽകുന്നതിൽ നിന്ന് ഡ്രൈവർക്ക് 30 ദിവസത്തേക്ക് വിലക്കേർപ്പെടുത്താത്ത പക്ഷം കമ്പനിക്ക് 1,000 റിയാൽ പിഴ ചുമത്തും. നിയമ വിരുദ്ധ കാരണങ്ങളുടെ പേരിൽ ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കുന്ന പ്രവണത കുറക്കാൻ ശ്രമിച്ചാണ് പുതിയ നിയമ ലംഘനങ്ങൾ നിർണയിച്ച് അവക്കുള്ള പിഴകൾ നിയമാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സേവനം നൽകുന്നതുമായി ബന്ധപ്പെട്ട നയം തയാറാക്കാത്തത്തതിന് ഓൺലൈൻ ടാക്‌സി കമ്പനികൾക്ക് 3,000 റിയാൽ തോതിലും പിഴ ചുമത്തും. അതോറിറ്റി അംഗീകരിച്ച സേവനനയം പാലിക്കാത്തതിന് 500 റിയാലാണ് ടാക്‌സി കമ്പനികൾക്ക് പിഴ ചുമത്തുക.
പബ്ലിക് ടാക്‌സി, എയർപോർട്ട് ടാക്‌സി നിയമാവലിയിലും പുതുതായി രണ്ടു നിയമ ലംഘനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത സാങ്കേതിക സംവിധാനത്തിൽ ആവശ്യമായ വിവരങ്ങൾ നൽകാത്തതിന് 5,000 റിയാലും അതോറിറ്റി അംഗീകരിച്ച ഇലക്‌ട്രോണിക് സംവിധാനങ്ങളുമായി ലിങ്ക് ചെയ്യുന്നത് തുടരാത്തിന് 5,000 റിയാലും പിഴ ലഭിക്കും.