അബുദാബി- ഏറ്റവും പുതിയ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ രണ്ട് പ്രവാസി മലയാളികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനമടിച്ചു. വിജയികളായ വിനോദ് കുമാറും ശബരീഷ് ജ്യോതിവേലും വിജയിച്ച ആറ് നമ്പറുകളിൽ അഞ്ചെണ്ണം യോജിപ്പിച്ചാണ് സമ്മാനം നേടിയത്.
വിനോദ് കുമാർ ഒമാനിൽ മെക്കാനിക്കായി ജോലി ചെയ്യുന്നു. 11 സുഹൃത്തുക്കൾ സംഘമായി രണ്ട് വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നു.
പെൺമക്കൾക്ക് സമ്മാനങ്ങൾ വാങ്ങുന്നതോടൊപ്പം സമൂഹത്തെ സഹായിക്കുന്നതിനായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുറച്ച് തുക ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
35 കാരനായ ശബരീഷ് ജ്യോതിവേൽ ഷാർജയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്നു. ഏഴ് വർഷമായി സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നത്.
കുടുംബത്തോടൊപ്പം തായ്‌ലൻഡിൽ അവധി ആഘോഷിക്കുകയാണെന്നും ക്യാഷ് പ്രൈസ് ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും ജ്യോതിവേൽ പറഞ്ഞു. തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. പ്രതീക്ഷ കൈവിടരുതെന്നും ഒരു ദിവസം നിങ്ങൾക്കും സമ്മാനമടിക്കുമെന്നാണ് എല്ലാ ബിഗ് ടിക്കറ്റ് ആരാധകരോടും പറയാനുള്ളതെന്ന് ജ്യോതിവേൽ ബിഗ് ടിക്കറ്റ് സംഘാടകരോട് പറഞ്ഞു.
കുമാറിനും ജ്യോതിവേലിനും പുറമെ പാകിസ്ഥാൻ സ്വദേശികളായ സയ്യിദ് മുഹമ്മദ്, ഇനായത്തുല്ല, അബ്ദുൾ ജനൻ എന്നിവരും ലക്ഷം ദിർഹം നേടി.