Sorry, you need to enable JavaScript to visit this website.

സഹോദരിമാരെ കൊലപ്പെടുത്തിയത് കഴുത്തില്‍ നിന്ന് മാല തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴെന്ന് പ്രതിയുടെ മൊഴി

പാലക്കാട് - ഷൊര്‍ണൂര്‍ കൂനത്തറയില്‍ സഹോദരിമാരെ കൊലപ്പെടുത്തിയത് കഴുത്തില്‍ നിന്ന് മാല തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞപ്പോള്‍. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച പട്ടാമ്പി സ്വദേശി മണികണ്ഠന്‍ (48) അറസ്റ്റിലായിരുന്നു. ഇയാളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് നടന്ന കാര്യങ്ങള്‍ പ്രതി വിശദീകരിച്ചത്.  നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഉള്‍വശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് മണികണ്ഠന്‍ വീട്ടില്‍ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാര്‍ കണ്ടത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തില്‍ മുറിഞ്ഞ പാടുകളും. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ഷൊര്‍ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്  ഈ വീട്ടില്‍ പെയിന്റിംഗ് ജോലിക്കെത്തിയുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. പത്മിനിയും തങ്കവുമായി ഇതിനകം ഇയാള്‍ വിശ്വാസം നേടിയെടുത്തിരുന്നു. മാസങ്ങളായി ആസൂത്രണം ചെയ്ത മോഷണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വ്യാഴാഴ്ച ഇയാളെത്തിയത്. പത്മിനിയുമായി സംസാരിച്ചിരുന്നു. ഇതിനിടെ ഇവര്‍ നല്‍കിയ ഭക്ഷണവും കഴിച്ചു. പിന്നീടാണ് പണവും സ്വര്‍ണവും ആവശ്യപ്പെട്ടത്. നല്‍കാതായപ്പോള്‍ തര്‍ക്കമായി. ഇതിനിടെ, തൊട്ടടുത്ത് താമസിക്കുന്ന തങ്കം ശബ്ദം കേട്ടെത്തി. മാല പിടിച്ചുപറിക്കുന്നതിനിടെ, ഇരുവരും ചേര്‍ന്ന് മണികണ്ഠനെ തളളിയിട്ടു. തുടര്‍ന്നാണ് ഇരുമ്പു പൈപ്പുപയോഗിച്ച് ഇരുവരെയും മണികണ്ഠന്‍ മാരകമായി മുറിവേല്‍പ്പിച്ചത്. മരണം ഉറപ്പാക്കാന്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീകൊളുത്തി. ഇതിനുപയോഗിച്ച സിഗരറ്റ് ലാംപും, ആക്രമണത്തിന് ഉപയോഗിച്ച  ഇരുമ്പു പൈപ്പും അന്വേഷണ സംഘം കണ്ടെടുത്തു. മണിക്ഠനെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് നീലാമലക്കുന്നിലെത്തിയത്.

 

 

Latest News