ഇടുക്കി - വെള്ളത്തിന്റെ കുപ്പി മാറി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന്‍(62) ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വെച്ച് ഇന്നലെയാണ് മോഹനന്‍ മദ്യം കഴിച്ചത്. ജോലി ആവശ്യത്തിനായാണ് ഇയാള്‍ തോപ്രാംകുടിയിലെത്തിയത്. മദ്യം കഴിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളത്തിന്റെ കുപ്പി മാറിപ്പോയതിനെ തുടര്‍ന്ന് ബാറ്ററി വെള്ളം മിക്‌സ് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അവശനിലയിലായ മോഹനനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.