Sorry, you need to enable JavaScript to visit this website.

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ  പണം തട്ടിയ കണ്ടക്ടര്‍ സസ്പെന്‍ഷനില്‍

പാലക്കാട്-വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടു പാലക്കാട്ട് കെ.എസ് .ആര്‍.ടി.സി ബജറ്റ് ടൂറിസത്തില്‍ നിന്ന് 1,21,110 രൂപാ തട്ടിയ കണ്ടക്ടര്‍ സസ്പെന്‍ഷനിലായി. ഇവിടത്തെ കണ്ടക്ടറും ബജറ്റ് സെല്‍ കോര്‍ഡിനേറ്ററുമായ കെ.വിജയശങ്കറെയാണ് കോര്‍പ്പറേഷന്‍ സസ്പെന്‍ഡ് ചെയ്തത്. ഇതിനായി ഇയാള്‍ പന്ത്രണ്ടു വ്യാജ രസീത് ബുക്കുകള്‍ അച്ചടിപ്പിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ഓഡിറ്റ് വിഭാഗം - വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. ബസ് സര്‍വീസ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഇയാള്‍ വ്യാജ രസീത് ഉപയോഗിച്ച് യാത്രക്കാരില്‍ നിന്ന് പണം കൈപ്പറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് കണ്ടെത്തിയതോടെ ഈ ഡിപ്പോയില്‍ ആരംഭിച്ച ബജറ്റ് ടൂറിസം സര്‍വീസ് സെല്ലിലെ 2021 നവംബര്‍ പതിനഞ്ചു മുതലുള്ള എല്ലാ പണം ഇടപാടുകളും പരിശോധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ ഇതില്‍ കൂടുതല്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ മെയ് ഇരുപതിന് നടത്തിയ വയനാട്, ഗവി യാത്രകളുടെ വരുമാനം ഓഫീസില്‍ നല്‍കിയിട്ടുമില്ല. യാത്രക്കാര്‍ തുക ഓണ്‍ലൈന്‍ വഴി അടച്ചു എന്നാവും ഇപ്പോഴും കണ്ടക്ടര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പണം വന്നിട്ടില്ല എന്ന് ക്ലസ്റ്റര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് സമഗ്രമായ ഓഡിറ്റ് നടത്തി വെട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പില്‍ ഇയാള്‍ക്ക് കൂട്ടാളികള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇയാള്‍ നടത്തിയ മുഴുവന്‍ വെട്ടിപ്പും കണ്ടെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ക്രിമിനല്‍ കുറ്റം ഉള്‍പ്പെടെയുള്ള നടപടികളും പരിശോധനയിലാണ് എന്നാണു വിവരം അറിഞ്ഞതിനു ശേഷം കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചത്. പൂര്‍ണ്ണമായ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും തുടര്‍ നടപടികള്‍.

Latest News