ലിയണല്‍ മെസ്സിയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് രക്ഷപ്പെട്ട് ബാലന്‍ഡോര്‍ പട്ടികയില്‍ മുന്നിലെത്താനാണ് നെയ്മാര്‍ ബാഴ്‌സലോണ വിട്ട് പാരിസ് സെയ്ന്റ് ജര്‍മാനിലെത്തിയത്. പി.എസ്.ജിയില്‍ പുതിയ സീസണ്‍ തുടങ്ങുമ്പോള്‍ അവിടെ മറ്റൊരാളുണ്ട്, കീലിയന്‍ എംബാപ്പെ. ലോകകപ്പ് മാത്രമല്ല എംബാപ്പെ നേടിയത്, മികച്ച യുവ താരമെന്ന ബഹുമതി കൂടിയാണ്. നെയ്മാര്‍ ആവട്ടെ പരിഹാസപാത്രമായാണ് റഷ്യ വിട്ടത്. തല്‍ക്കാലത്തേക്കെങ്കിലും നെയ്മാര്‍ ആവില്ല പി.എസ്.ജിയുടെ ഒന്നാം നമ്പര്‍ താരം.
കരിയറിലെ മറ്റൊരു പ്രതിസന്ധി നെയ്മാര്‍ എങ്ങനെ മറികടക്കും. താന്‍ നിരന്തരം ഫൗള്‍ ചെയ്യപ്പെടുന്നു എന്നാണ് നെയ്മാറിന്റെ പരാതി. ഫുട്‌ബോളിലെ എല്ലാ മികച്ച കളിക്കാരും ഫൗള്‍ ചെയ്യപ്പെടാറുണ്ട്. ഇക്കാലത്ത് മികച്ച താരങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. നെയ്മാറിന്റെ പ്രശ്‌നം ഡ്രിബഌംഗാണെന്ന് പലരും കരുതുന്നു. വേണ്ടിടത്തും വേണ്ടാത്തിടത്തും. അത് ഫൗള്‍ ക്ഷണിച്ചു വരുത്തുന്നു. കിട്ടുന്ന ഫ്രീകിക്കുകളാവട്ടെ മിക്കപ്പോഴും ടീമിന് ഗുണം കിട്ടാത്തത്ര അകലത്തില്‍.
ഇനി ഡ്രിബഌംഗ് ഒഴിവാക്കാമെന്നു വെച്ചാലോ? അത് നെയ്മാറിന്റെ സ്വതസിദ്ധ ശൈലിയെ ബാധിക്കുമെന്ന് മുന്‍ ബ്രസീല്‍ ഇതിഹാസം ടോസ്റ്റാവൊ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നു. ഏതു വഴി നെയ്മാര്‍ തെരഞ്ഞെടുക്കും? നെയ്മാറിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സീസണായിരിക്കും വരാനിരിക്കുന്നത്.