കൊച്ചി- ആലുവയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ക്രിസ്റ്റല്‍ രാജ് മറ്റൊരു ഒമ്പത് വയസ്സുകാരിയെ കഴിഞ്ഞയാഴ്ച പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം പുറത്തുവന്നു. പെരുമ്പാവൂരിലെ ഒരു വീട്ടില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ കയറിയ പ്രതി വീട്ടിലുണ്ടായിരുന്ന ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായാണ് പരാതി. പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബലാല്‍സംഗ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് ക്രിസ്റ്റല്‍ രാജിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ലതിക മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ആലുവ പോലീസ് നല്കിയ അപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി.
ആലുവയില്‍ പീഡനത്തിനിരയായ ബീഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടിയെ ഇയാള്‍ നേരത്തെ തന്നെ നോട്ടമിട്ടിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഒരു തവണ വീട്ടില്‍ കയറാന്‍ നടത്തിയ ശ്രമം വിജയിക്കാതിരുന്നതിനെ തുടര്‍ന്ന് ബലാല്‍സംഗം നടത്താനുള്ള മുന്‍കൂട്ടിയുള്ള തീരുമാന പ്രകാരമാണ് സംഭവ ദിവസം കുട്ടിയുടെ വീട്ടില്‍ കയറിയതെന്ന് പോലീസ് പറയുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മുന്‍ കുറ്റകൃത്യങ്ങള്‍ ചോദ്യം ചെയ്യലിനിടെ ക്രിസ്റ്റല്‍ രാജ് വിവരിച്ചു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ 14 കേസുകള്‍ നിലവിലുണ്ട്. ബാലികയെ ഉപദ്രവിച്ച സ്ഥലത്തുനിന്നു ലഭിച്ച പ്രതിയുടെ വിരലടയാളം വച്ചു ക്രൈം റെക്കോര്‍ഡ്സ് വിഭാഗം നടത്തിയ പരിശോധനയിലാണു 14 കേസുകളില്‍ പ്രതിയാണു എന്നു കണ്ടെത്തിയത്. അയല്‍വാസിയായ മാനസിക വെല്ലുവിളിയുള്ള അറുപതുകാരിയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റില്‍രാജ് പ്രതിയാണ്. തിരുവനന്തപുരം പാറശാല സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ബാലരാമപുരം, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു മോഷണക്കുറ്റത്തിനു നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങൂരി പൊലീസിനെ വെട്ടിച്ചു കടന്നെങ്കിലും പിടിയിലായി. ലഹരി ഉപയോഗിച്ചാല്‍ ലൈംഗിക വൈകൃതം നടത്തുന്ന സ്വഭാവക്കാരനായ ക്രിസ്റ്റല്‍ സമീപത്തെ വീട്ടിലെ തൊഴുത്തില്‍ നിന്ന് പശുവിനെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെയും പിടിയിലായിട്ടുണ്ട്. പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിലും പ്രതിയാണ്. മോഷണ കേസില്‍ ജയില്‍ വാസം കഴിഞ്ഞ് ആഴ്ചകള്‍ക്ക് മുന്നേയാണ് ഇയാള്‍ പുറത്തിറങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ആലുവയില്‍ എത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആലുവയില്‍ ഇതര സംസ്ഥാനക്കാരായ രണ്ട് സുഹൃത്തുക്കളെ കാണാന്‍ എത്തിയതാണെന്നും മൊഴി നല്കി.
ആലുവ ഈസ്റ്റ് ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റല്‍ രാജ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പ്രതി പ്രദേശത്ത് തന്നെയുള്ളയാളാണെന്ന് ദൃക്സാക്ഷി സംശയം പ്രകടിപ്പിച്ചിരുന്നു. നാട്ടുകാരും പ്രദേശവാസികളും പോലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി കുട്ടിയെ ഉപേക്ഷിച്ചുപോയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും മോഷണം പോയിരുന്നു.