കൊച്ചി- ഉപജീവനത്തിനു മീന്‍ വിറ്റ വിദ്യാര്‍ത്ഥിനി ഹനാനെതിരെ സാമുഹ മാധ്യങ്ങളില്‍ അധിക്ഷേപത്തിനു തുടക്കമിട്ട വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഹനാന്റെ ഉപജീവന പോരാട്ടത്തെ കുറിച്ചു വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഹനാന്‍ മീന്‍ വില്‍പ്പന നടത്തിയ എറണാകുളത്തെ തമ്മനത്തെത്തി വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം വിദ്യാര്‍ത്ഥിനിയുടെ ശരിയായ പശ്ചാത്തലം അറിയാതെ അധിക്ഷേപിക്കുന്ന തരത്തില്‍ ആദ്യമായി ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തത് നൂറുദ്ദീനാണ്. ഈ വീഡിയോ ആയുധമാക്കിയാണ് ഹനാനെതിരെ ശക്തമായ സൈബര്‍ ആക്രമണം നടന്നത്. സത്യം പുറത്തു വന്നതോടെ പല തവണ മാപ്പപേക്ഷയുമായി ഇയാള്‍ രംഗത്തു വന്നിരുന്നു.
സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഹനാന്‍ മീന്‍ വിറ്റതെന്ന വ്യാജ പ്രചാരണം തുടങ്ങിയതും ഇയാളാണ്. സമൂഹ മാധ്യമങ്ങളിലും പുറത്തും വലിയ പിന്തുണ ലഭിച്ച ഹനാനെ ഈ വീഡിയോ പുറത്തു വന്നതോടെ പലരും അവഹേളിച്ചും അധിക്ഷേപിച്ചും രംഗത്തു വരികയായിരുന്നു. നൂറുദ്ദീന്‍ അടക്കമുള്ള ഹനാനെതിരെ സൈബര്‍ ആക്രണം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അപമാനിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ഐ.ടി, പോലീസ് നിയമങ്ങളുടേയും ഐ.പി.സി വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ്.
അസഭ്യ വര്‍ഷം കടുത്തതോടെ സമൂഹ മാധ്യമങ്ങളില്‍ ഹനാനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹനാന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായും വിവിധ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലും താല്‍ക്കാലിക ജോലികള്‍ ചെയ്തിട്ടുള്ള ഹനാന്റെ സിനിമാ നടന്മാരൊത്തുള്ള ചിത്രങ്ങളാണ് മീന്‍ വില്‍പ്പന സിനിമക്കാരുടെ നാടകമാണെന്ന തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപം കടുത്തതോടെ ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളെജ് അധികൃതരും സഹപാഠികളും ആരോപണങ്ങള്‍ നിഷേധിച്ച് ഹനാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.