കുവൈത്ത് സിറ്റി - പട്ടാപ്പകല്‍ നേരത്ത് വിദേശിയെ ആക്രമിച്ച് രണ്ടംഗ സംഘം പണവും വിലപിടിച്ച വസ്തുക്കളും തട്ടിപ്പറിച്ചു. ധാരാളം വാഹനങ്ങള്‍ നിര്‍ത്തിയിട്ട റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കു സമീപത്തു കൂടി നട്ടുച്ച നേരത്ത് ഒറ്റക്ക് നടന്നുപോവുകയായിരുന്ന വിദേശിയെ ആണ് പ്രദേശത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി രണ്ടംഗ സംഘം ആക്രമിച്ചത്. കാറിലെത്തിയ സംഘത്തില്‍ ഒരാള്‍ ആദ്യം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വിദേശിയെ മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മറ്റും പിടിച്ചുപറിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ വിദേശി ശക്തമായി ചെറുത്തു നിന്നു. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവറും ആക്രമണത്തില്‍ പങ്കുചേരുകയും ഇരുവരും ചേര്‍ന്ന് വിദേശിയെ അടിച്ച് നിലത്ത് തള്ളിയിട്ട് പണവും മറ്റും പിടിച്ചുപറിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ജനല്‍ വഴി കുവൈത്തി യുവതി ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.