ദുബായ് - യു.എ.ഇ തീരത്ത് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. എയറോഗള്‍ഫ് കമ്പനിക്കു കീഴിലെ ബെല്‍ 212 ഇനത്തില്‍ പെട്ട ഹെലികോപ്റ്റര്‍ വ്യാഴാഴ്ച രാത്രിയാണ് അപകടത്തില്‍ പെട്ടത്. രാത്രി പരിശീലന ദൗത്യത്തിന്റെ ഭാഗമായി ദുബായ് അല്‍മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററില്‍ ഈജിപ്തില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള രണ്ടു പൈലറ്റുമാരാണുണ്ടായിരുന്നത്.
ഹെലികോപ്റ്റിന്റെ അവശിഷ്ടങ്ങള്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സംഘങ്ങള്‍ കണ്ടെത്തി. പൈലറ്റുമാര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. അപകടത്തെ കുറിച്ച് വ്യാഴാഴ്ച രാത്രി 8.30 ന് ആണ് വിവരം ലഭിച്ചതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (അല്‍മക്തൂം) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയറോഗള്‍ഫ് കമ്പനിക്കു കീഴില്‍ ലിയൊനാര്‍ഡൊ എ.ഡബ്ലിയു 139, ബെല്‍ 212, ബെല്‍ 206 ഹെലികോപ്റ്റുകള്‍ ഉള്‍പ്പെട്ട വിമാനനിരയുണ്ട്. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം അപകട സ്ഥലത്തെത്തിയിട്ടുണ്ട്.