Sorry, you need to enable JavaScript to visit this website.

യുക്തിവാദ പ്രസ്ഥാനം ഉപേക്ഷിച്ചു, ഇസ്ലാമിലേക്ക് മടങ്ങുന്നു, പുതിയ വീഡിയോയുമായി യുക്തിവാദി നേതാവ്

കോഴിക്കോട്- യുക്തിവാദ പ്രസ്ഥാനം ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് വരികയാണെന്ന് യുക്തിവാദ നേതാവ് പി.എം അയ്യൂബ്. കേരളത്തിൽ യുക്തിവാദി നേതാക്കൾ മുസ്ലിമിനെ പൊതുശത്രുവാക്കിയാണ് പ്രവർത്തിക്കുന്നത്. മുസ്ലിംകളെ കുറിച്ച് വെറുപ്പും വിദ്വേഷവും സാധാരണക്കാരിലുണ്ടാക്കലാണ് ഇവരുടെ ലക്ഷ്യമെന്നും ഇന്ന് പുറത്തുവിട്ട വീഡിയോയിൽ അയ്യൂബ് വ്യക്തമാക്കി. താൻ യുക്തിവാദ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച കാലത്ത് പുറത്തിറക്കിയ ലേഖനങ്ങളും വീഡിയോകളും കാലഹരണപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ ദിവസം അയ്യൂബ് പറഞ്ഞത്.

ഞാൻ അയ്യൂബ് പി.എം. നിങ്ങളിൽ ചിലർക്കെങ്കിലും എന്നെ അറിയാം എന്ന് ഞാൻ കരുതുന്നു. ഒന്നര പതിറ്റാണ്ടുകാലം കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും പങ്കെടുക്കുകയും പ്രസംഗിക്കുകയും എഴുതുകയും ഒക്കെ ചെയ്തിരുന്ന ആളാണ് ഞാൻ.
യുക്തിവാദത്തിന്റെ പേരിൽ ഞാൻ ഏറ്റവും കൂടുതൽ എതിർത്തത് ഇസ്ലാമിനെയും ഖുർആനിനെയും ആണ്. ആ എതിർപ്പുകളിൽ യുക്തിദീക്ഷയോ വസ്തുനിഷ്ഠതയോ ഉണ്ടായിരുന്നില്ലെന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു.
യുക്തി ബോധത്തിന്റെ പടിപടിയായ വികാസ ചരിത്രം പഠിച്ചതിന്റെയും
അതുപോലെതന്നെ ഇസ്ലാമിനെ  ആധുനിക ചരിത്രരചന സമ്പ്രദായത്തിന്റെയും നരവംശ ശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രപരമായ പുതിയ ഉൾക്കാഴ്ചകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തിയതിന്റെയും വെളിച്ചത്തിൽ എനിക്ക് മനസ്സിലായ ഒരു കാര്യം ഇതാണ്; യുക്തിവാദത്തിന്റെ ലേബലിൽ ഇന്ന് കേരളത്തിൽ എമ്പാടും നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളുടെയും കാമ്പയിനുകളുടെയും പിന്നിലെ യഥാർത്ഥ പ്രേരണ വസ്തുനിഷ്ഠതയോ യുക്തിചിന്തയോ അല്ലെന്നും മറിച്ച് ഇസ്ലാമിനോടും അതിന്റെ സംസ്‌കാരത്തോടുമുള്ള അന്ധവും അയുക്തി കവുമായ  വെറുപ്പും വിരോധവുമാ ണെന്നുമാണ്. മാത്രമല്ല, ഇന്ത്യയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ വംശീയ  പ്രത്യയശാസ്ത്രത്തിന് ന്യായീകരണവും സ്വീകാര്യതയും നേടിക്കൊടുക്കുന്നതിനുള്ള നീചമായ ഏജൻസിപ്പണിയാണ് യുക്തിവാദത്തിന്റെ കള്ളപ്പേരിട്ട് അവർ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. 
ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ,സ്വതന്ത്ര ചിന്തയോ ബൗദ്ധികമായ അന്വേഷണമോ ശാസ്ത്രീയ മനോഭാവമോ ഇല്ലാത്ത ഇത്തരം ജനാധിപത്യവിരുദ്ധ പ്രസ്ഥാനങ്ങളുമായിട്ടുള്ള  എന്റെ ബന്ധം  ഞാൻ പൂർണ്ണമായി അവസാനിപ്പിരിക്കുന്ന കാര്യം നിങ്ങളെ ഞാൻ അറിയിക്കുകയാണ്.
വൈജ്ഞാനികമായ അന്വേഷണങ്ങൾക്കും യുക്തിയുടെ പ്രയോഗത്തിനും സാമൂഹിക വിപ്ലവങ്ങൾക്കും ശാസ്ത്രീയ അന്വേഷണങ്ങൾക്കും എല്ലാ കാലത്തും പ്രചോദനവും പ്രോത്സാഹനവും നൽകുന്ന ഇസ്ലാമിലേക്ക് ഞാൻ തിരികെ വന്നതായി പ്രഖ്യാപിച്ചു കൊള്ളുകയും ചെയ്യുന്നു.
യുക്തിവാദ പ്രചാരണ പ്രവർത്തനങ്ങൾക്ക് പോപ്പുലാരിറ്റി ഉണ്ടാക്കാനും വർഗീയമായ ചേരിതിരിവുകൾക്ക് ആക്കം കൂട്ടാനും സാമൂഹികമായ ധ്രുവീകരണങ്ങളെ മുതലെടുത്തുകൊണ്ട് യുക്തിവാദ പ്രസ്ഥാനങ്ങളുടെ സാമൂഹിക പിന്തുണ വർദ്ധിപ്പിക്കാനും വേണ്ടി  യുക്തിവാദികൾ സംഘടിപ്പിച്ച പരിപാടികളിൽ ഞാൻ നടത്തിയ പ്രസംഗങ്ങളും തർക്കങ്ങളും എല്ലാം ഇതോടെ ഞാൻ പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നു.
ഇന്നത്തെ യുക്തിവാദ പ്രസ്ഥാനങ്ങളിലുള്ള ഭൂരിപക്ഷം ആളുകൾക്കും , ഞാൻ മനസ്സിലാക്കിയിടത്തോളം , യാതൊരുവിധ ധാർമികതയോ മാനവിക മൂല്യങ്ങളോട് ബഹുമാനമോ നൈതികതയോ ഇല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുൻകാലങ്ങളിൽ യുക്തിവാദികൾക്ക് സാമൂഹിക പരിഷ്‌കരണപരമായ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. സ്ത്രീകളെ ശാക്തീകരിക്കാനും സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും അധസ്ഥിതരായ ആളുകളെ ഉദ്ധരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ദലിത് ജീവിതങ്ങൾക്ക് അർത്ഥവും അന്തസ്സും ഉണ്ടാക്കി കൊടുക്കുവാനും അവർ ഒരുപാട് സംഭാവനകൾ സമൂഹത്തിന് ചെയ്തിട്ടുണ്ട്. ആ ഗണത്തിൽ വരുന്നവരല്ല ഇന്നത്തെ യുക്തിവാദികൾ. അവർ സോഷ്യൽ മീഡിയയിലും മറ്റും വന്നിരുന്നു കൊണ്ട് വമിക്കുന്ന വിഷങ്ങൾ  സമൂഹത്തിൽ നന്മയും പുരോഗതിയുമല്ല,മറിച്ച്, സാമൂഹിക ധ്രുവീകരണവും പരസ്പര വെറുപ്പുമാണ് ഉണ്ടാക്കുന്നത്. 
അതേസമയം ഇസ്ലാമിൻറെ അന്തസത്ത  മനുഷ്യ നന്മ, സമഭാവന, നീതിനിഷ്ഠ, സാഹോദര്യം മുതലായ മാനവിക മൂല്യങ്ങൾ തന്നെയാണ് എന്നത് നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പഠനങ്ങളിൽ നിന്ന് ആർക്കും മനസ്സിലാവും. ഈ മാനവികമായ മൂല്യങ്ങളെ ഉൾവഹിക്കുന്ന മഹത്തായ ആശയ പ്രപഞ്ചമാണ് ഇസ്ലാം എന്ന പേരിൽ വെളിപാടായി പ്രവാചകന്മാർക്ക് ലഭിച്ചത്. അതിന്റെ സാർവ്വ കാലികമായ  സമ്പൂർത്തീകരണമാണ്  ഏഴാം നൂറ്റാണ്ടിലെ മരുഭൂമിയിൽ ആഗതരായ മുഹമ്മദ് നബി എന്ന പ്രവാചകരിലൂടെ സംഭവിച്ചത്  എന്നത് ഒരു ചരിത്ര വിദ്യാർത്ഥിക്ക് കാണാതിരിക്കാൻ കഴിയില്ല. ഈ ആധുനിക കാലഘട്ടത്തിലും ഇസ്ലാമും ഖുർആനും പ്രവാചകനും മുഖ്യപ്രമേയമാകാത്ത ചർച്ചകളോ സംവാദങ്ങളോ ഉപന്യാസരചനകളോ സാഹിത്യങ്ങളോ ഏറെക്കുറെ ഇല്ലെന്നുതന്നെ പറയാം.ഇത് ഇസ്ലാമിൻറെ സമകാലിക പ്രസക്തിയെയാണ് സൂചിപ്പിക്കുന്നത്.
ഖുർആനിലും റസൂലിനും ഇസ്ലാമിനും എതിരെ ഏകപക്ഷീയമായ വിമർശനങ്ങൾ തൊടുത്തു വിടുന്ന ഇസ്ലാമോഫോബുകൾ തങ്ങളുടെവാദങ്ങൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്ന ഖുർആനിക വചനങ്ങൾ ,  അത് അവതരിപ്പിക്കപ്പെട്ട സന്ദർഭങ്ങളിൽ നിന്നും തന്ത്രപരമായി അടർത്തി മാറ്റിയിട്ടുള്ളതാണെന്നും അങ്ങനെ അടർത്തി മാറ്റിയതിനു ശേഷം ഇതൊന്നും നേരിട്ട് പരിശോധിക്കാനുള്ള അറിവോ സാവകാശമോ ഇല്ലാത്ത സാധാരണക്കാരിൽ വെറുപ്പും പകയും പുച്ഛവും ജനിപ്പിക്കുന്ന തരത്തിലുള്ള തന്നിഷ്ട വ്യാഖ്യാനങ്ങൾ ചമച്ച് ബോധപൂർവ്വം തെറ്റിദ്ധാരണകൾ പടർത്തുകയാണ് ചെയ്യുന്നതെന്നും ചിന്തിക്കുന്ന ആർക്കും ഇന്ന് മനസ്സിലാവും. ഇത്തരത്തിലുള്ള കുത്സിത പ്രവർത്തനങ്ങൾ ശാസ്ത്രീയ മനോവൃത്തിയെ അല്ല വളർത്തുന്നത് മറിച്ച് വർഗീയ മനോഭാവത്തെയാണ്. ചരിത്രപരവും നരവംശശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ അറിവുകളുടെ അടിസ്ഥാനത്തിൽ ഖുർആനിനെ സംബന്ധിച്ച എന്റെ ഗൗരവമാർന്ന വായനകൾ എനിക്ക് മനസ്സിലാക്കി തരുന്നത് ഖുർആൻ പുരോഗമനാത്മകമാണെന്ന് തന്നെയാണ്. ചിന്തിക്കുവാനും അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്ന ധാരാളം വചനങ്ങൾ അതിലുണ്ട്. മാത്രമല്ല സാമൂഹിക ജീവിതത്തിൽ സമഭാവനയും സാഹോദര്യവും നീതിനിഷ്ഠയും അത് ശക്തമായി അനുശാസിക്കുന്നു.
ആയതിനാൽ ഈ പുതിയ തിരിച്ചറിവുകളെ മുൻനിർത്തി ഞാൻ എൻറെ ഇസ്ലാമിക പുനപ്രവേശനം ഇതിനാൽ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എന്റെ ജാഹിലിയ കാലത്തുള്ള വീഡിയോകൾ നിങ്ങൾ അവഗണിച്ചു കളയുകയും എനിക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുക.
 

Latest News