Sorry, you need to enable JavaScript to visit this website.

അഭിമന്യുവിനെ കൊന്നത് പോപ്പുലർ  ഫ്രണ്ടിന്റെ കൊലയാളി ഗ്രൂപ്പുകളെന്ന്

കൊച്ചി- മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്താനെത്തിയത് പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് കൊലയാളി ഗ്രൂപ്പുകളെന്ന് പോലീസ്. നെട്ടൂർ, പള്ളുരുത്തി, ആലുവ ഗ്രൂപ്പുകളെയാണ് മഹാരാജാസിലെ ആക്രമണത്തിനായി നിയോഗിച്ചത്. ആക്രമണത്തിന്റെ സൂത്രധാരനും കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ പി.എം മുഹമ്മദ് റിഫയെയും സനീഷിനെയും ചോദ്യം ചെയ്തതിൽനിന്നാണ് പോലീസിനു ഈ വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് പിടികൂടിയ മുഹമ്മദ് റിഫയെ വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ സ്‌റ്റേഷനിലെത്തിച്ച്  അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സനീഷിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
ആയുധ പരിശീലനം ലഭിച്ച, എന്തിനും തയാറായ കൊലയാളി ഗ്രൂപ്പുകൾ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നതായി പോലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത്തരത്തിൽ നെട്ടൂർ, പള്ളുരുത്തി, ആലുവ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളാണ് അഭിമന്യുവിന്റെ കൊലയാളി സംഘത്തിലുണ്ടായിരുന്നത്. നെട്ടൂരിലെ രണ്ട് സഹോദരന്മാരടക്കം അഞ്ചു പേരും പള്ളുരുത്തി, ആലുവ ഗ്രൂപ്പുകളിലെ നാലുപേർ വീതവുമാണ് സംഘത്തിലുണ്ടായിരുന്നത്. നെട്ടൂർ ഗ്രൂപ്പിലെ സഹോദരന്മാരടങ്ങുന്ന ഗ്രൂപ്പാണ് സംഘത്തിലെ പ്രധാനികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പിലെ മനാഫ്, ഷിജു എന്നിവർ ഒരുമിച്ച് സംസ്ഥാനത്തിനു പുറത്ത് ഒളിവിൽ പോയതായും പോലീസിനു വിവരം ലഭിച്ചു. വരും ദിവസങ്ങളിൽ സംഘത്തിലെ മറ്റുള്ളവരെയും പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 
അതേസമയം, മുഹമ്മദ് റിഫ വ്യക്തമായി തയാറാക്കിയ തിരക്കഥയനുസരിച്ചുള്ള മൊഴിയാണ് പോലീസിനു നൽകുന്നത്. ഇതിനായി പ്രത്യേക പരിശീലനം ഇയാൾക്ക് ലഭിച്ചതായി പോലീസ് അനുമാനിക്കുന്നു. അന്വേഷണം തങ്ങളിൽ ഒതുക്കാനും പോപ്പുലർ ഫ്രണ്ടിന്റെ ഉന്നതരിലേക്ക് എത്താതിരിക്കാനുമുള്ള ജാഗ്രതയോടെയാണ് ഇയാളുടെ മൊഴി. 
കേരളത്തിൽ തങ്ങൾക്ക് അംഗങ്ങളുള്ള എല്ലാ കോളേജുകളിലും ചുവരെഴുതാൻ തീരുമാനിച്ചിരുന്നെന്നും മഹാരാജാസിൽ സംഘർഷമുണ്ടാവുകയായിരുന്നു എന്നുമാണ് ഇയാൾ പറഞ്ഞത്. സംഘർഷമുണ്ടാകുമെന്ന് ഭയന്നാണ് പുറത്തു നിന്നുള്ള സഹായം തേടിയതെന്നുമാണ് മൊഴി നൽകിയത്. അതേസമയം, വെള്ളിയാഴ്ച കോടതിയിൽ കീഴടങ്ങിയ മട്ടാഞ്ചേരി സ്വദേശി ഫസലുദ്ദീനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളാണ് ഫസലുദ്ദീൻ.
---
 

Latest News