പുതുപ്പള്ളി-ഉമ്മൻ ചാണ്ടിക്ക് കേരളം നൽകുന്ന ഏറ്റവും വലിയ യാത്രയപ്പായിരിക്കും സെപ്റ്റംബർ എട്ടിന് പുതുപ്പള്ളി നൽകുക എന്നായിരുന്നു അദ്ദേഹത്തിന്റെ മകളും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ സഹോദരിയുമായ അച്ചു ഉമ്മൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ടിലെ ആദ്യ ഫലം പുറത്തുവരുമ്പോൾ അച്ചു ഉമ്മന്റെ വാക്കുകൾ സത്യമാകുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വൻ ലീഡിലേക്കാണ് യു.ഡി.എഫ് കുതിച്ചത്. ആദ്യ റൗണ്ടിൽ തന്നെ 2867 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. രണ്ടാം റൗണ്ടിലും ചാണ്ടി ഉമ്മന് ലീഡ് ഉയർത്തിക്കൊണ്ടുവന്നു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് മുന്നിലെത്തിയ അയർക്കുന്നം പഞ്ചായത്തിലെ നാലു വാർഡുകളിലും ഇത്തവണ ചാണ്ടി ഉമ്മൻ മുന്നിലെത്തി. രണ്ടാം റൗണ്ടിൽ അയ്യായിരം വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ മുന്നിലെത്തിയത്. ആദ്യ പഞ്ചായത്തായ അയർകുന്നം മുതൽ യു.ഡി.എഫിന്റെ മുന്നേറ്റം പ്രകടമായിരുന്നു. ആദ്യത്തെ രണ്ടു റൗണ്ടിൽ ഭൂരിപക്ഷം 5000 കടന്നു.
കഴിഞ്ഞ രണ്ടുവട്ടവും പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജെയ്ക് തോമസ് ഇക്കുറി വൻ പോരാട്ടം പുതുപ്പള്ളിയിൽ കാഴ്ചവെച്ച പ്രതീതിയുണ്ടായിരുന്നു. എന്നാൽ വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ ട്രെന്റ് പൂർണമായും മാറുന്ന സ്ഥിതിയാണ് പുതുപ്പള്ളിയിൽ ദൃശ്യമായത്. മൂന്നാം റൗണ്ടിന്റെ ആദ്യഘട്ടത്തിൽതന്നെ ചാണ്ടി ഉമ്മന് ഏഴായിരം വോട്ടിന്റെ ലീഡ് ലഭിച്ചു.
അതേസമയം, പുതുപ്പള്ളിയിൽ എൽ.ഡി.എഫ് ജയിച്ചാലാണ് ലോകാത്ഭുതമെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ പറഞ്ഞു. 53 വർഷമായി ഉമ്മൻ ചാണ്ടി ജയിച്ച മണ്ഡലത്തിൽ മറ്റൊരാൾ ജയിച്ചാലാണ് അത്ഭുതമെന്നും എ.കെ ബാലൻ പറഞ്ഞു.