കോട്ടയം - രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുന്നിലാണ്. ആദ്യ ഘട്ടത്തിൽ 978 വോട്ടുകൾക്ക് ചാണ്ടി മുന്നിലാണ്. അസന്നിഹിത വോട്ടുകളിലാണ് ഇത്രയും ഭൂരിപക്ഷം വന്നത്.
താക്കോൽ മാറിയത് കാരണം വോട്ടെണ്ണൽ ഏതാനും നിമിഷം വൈകിയിരുന്നു. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണുന്നുണ്ട്. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുക. തുടർന്ന് റാൻഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണും. ആകെ 20 മേശകളിലായി 74 കൗണ്ടിംഗ് ഉദ്യോഗസ്ഥരുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധ പോലീസ് ബറ്റാലിയനും സുരക്ഷയ്ക്കായുണ്ട്. പുതുപ്പള്ളിയിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചതായി ഇന്ന് രാവിലെ മന്ത്രി വി.എൻ വാസവൻ ആരോപിച്ചു.