ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളം മുഴുവനും ഹനാന് ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായിക്ക് പിന്നാലെ ഹനാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് പെണ്കുട്ടിയെ പ്രശംസിച്ചത്. ഒന്നാന്തരമൊരു സംരംഭകയ്ക്കു വേണ്ട ഗുണങ്ങളെല്ലാം ഹനാന്‍ എന്ന കൊച്ചുമിടുക്കിയ്ക്കുണ്ട്. സിനിമാമോഹം, ആങ്കറിംഗ്, പാചകം, കച്ചവടം എന്നിങ്ങനെ ഹനാന്‍ കൈവെയ്ക്കാത്ത മേഖലകളില്ല. ആലുവ മണപ്പുറം ഫെസ്റ്റിലെ ചെറുകിട കര്‍ഷകരുടെ സ്റ്റാളിലേയ്ക്കുള്ള രംഗപ്രവേശം മുതല്‍ മീന്‍ കച്ചവടത്തിന്റെ കാര്യത്തില്‍ വരെ, ഇടിച്ചുകയറി സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന തന്റേടിയായൊരു സംരംഭകയുടെ ചുറുചുറുക്ക് ദൃശ്യമാണ് കപ്പയും പായസവും പലഹാരങ്ങളുമൊക്കെയായി മണപ്പുറം ഫെസ്റ്റിലെത്തുമ്പോള്‍ ഇതെവിടെ വെച്ച് വില്‍ക്കുമെന്നൊന്നും അറിയുമായിരുന്നില്ല. കുലുക്കി സര്‍ബത്ത് വില്‍ക്കുന്ന സ്റ്റാളിന്റെ ഒരു ഭാഗം സംഘടിപ്പിച്ച് രണ്ടായിരം രൂപയ്ക്ക് കച്ചവടവും ചെയ്‌തേ ഹനാന്‍ അവിടുന്നു പിരിഞ്ഞുള്ളൂ. വലക്കാരോടും വള്ളക്കാരോടുമൊപ്പം മീന്‍ കച്ചവടം നടത്തിയതും അതിനിടയ്ക്ക് അമാന്യമായി പെരുമാറിയൊരു ചേട്ടനെ നൈസായി ഒഴിവാക്കിയതുമൊക്കെ എത്ര രസമായാണ് ആ കുട്ടി വിവരിക്കുന്നത്. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കിയാണ് കുട്ടി. കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം –- ധനമന്ത്രി നയം വ്യക്തമാക്കി