കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസുകൾ അനുവദിക്കാമെന്ന് ചൂണ്ടിക്കാട്ടിയുള്ള സമഗ്ര റിപ്പോർട്ട് ഡി.ജി.സി.എക്ക് കൈമാറുന്നത് വൈകിപ്പിച്ചതിനെതിരെ അന്വേഷണം. സി.ബി.ഐ കൊച്ചി യൂണിറ്റാണ് അന്വേഷണം തുടങ്ങിയത്. മലബാർ ഡവലപ്‌മെന്റ് ഫോറമാണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. ദൽഹിയിലെ എയർപോർട്ട് വിജിലൻസ് വിഭാഗത്തിനും പരാതി നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം.
കഴിഞ്ഞ നവംബർ അവസാനത്തിലാണ് കരിപ്പൂർ എയർപോർട്ട് ഡയറക്ടർ 72 പേജുളള സമഗ്ര റിപ്പോർട്ട് എയർപോർട്ട് അഥോറിറ്റിയിലെ കേന്ദ്രത്തിലേക്ക് അയച്ചത്. തുടർന്ന് ഇവർ റിപ്പോർട്ട് പരിശോധിച്ച് ജനുവരി 28 ന് വലിയ വിമാനങ്ങളുടെ അനുമതിക്കായി ഡി.ജി.സി.എക്ക് സമർപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഡി.ജി.സി.എക്ക് കത്ത് സമർപ്പിച്ചിരുന്നില്ല. മാസങ്ങളായിട്ടും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഡി.ജി.സി.എക്ക് എയർപോർട്ട് അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒപ്പിട്ട കത്ത് ലഭിച്ചില്ലെന്ന് അറിയാൻ കഴിഞ്ഞത്. ഇതോടെയാണ് ഇതിന് കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡവലപ്‌മെന്റ് ഫോറം സി.ബി.ഐ കൊച്ചി യൂണിറ്റിനും ദൽഹിയിലെ എയർപോർട്ട് വിജിലൻസ് വിഭാഗത്തിനും പരാതി നൽകിയത്.
കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 28 ന് ഡി.ജി.സി.എക്ക് കൈമാറുന്നതിനായി അഥോറിറ്റി ഒപ്പിട്ട കത്ത് കഴിഞ്ഞ ജൂലൈ നാലിനാണ് നൽകിയത്. എന്നാൽ കേസ് സി.ബി.ഐക്കും വിജിലൻസിനും നൽകിയ പരാതി പിൻവലിച്ചിട്ടില്ല. അതിനിടെ, കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്കുളള അനുമതി 31 നുളളിൽ കേന്ദ്രമന്ത്രി പ്രഖ്യാപിക്കും. അനുമതി ലഭിക്കുന്ന പക്ഷം സൗദി എയർലെൻസാണ് ജിദ്ദ, റിയാദ് മേഖലയിലേക്ക് ആദ്യ സർവീസ് നടത്തുക.