Sorry, you need to enable JavaScript to visit this website.

ഇടുക്കി ഡാമിൽ സുരക്ഷാ വീഴ്ച; സന്ദർശനം നിരോധിച്ചു

ഇടുക്കി- അതീവ സുരക്ഷാ മേഖലയായ ഇടുക്കി ഡാമിൽ വൻ സുരക്ഷാ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഷട്ടർ ഉയർത്തുന്ന റോപ്പിൽ പ്രത്യേക ദ്രാവകം ഒഴിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. 11 ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലെ ബോക്‌സ് ഇയാൾ താഴിട്ടു പൂട്ടി. 
ജൂലൈ 22ന് പകൽ 3.15 നാണ് സംഭവം. ഉച്ചക്ക് 2.30 ഓടെ ടാക്‌സി കാറിൽ ഡാം സന്ദർശനത്തിനെത്തിയ യുവാവ് 5.30 ഓടെയാണ് പുറത്തുപോയത്. 
കഴിഞ്ഞ നാലിന് ഹൈമാസ്റ്റ് ലൈറ്റിന്റെ ബൾബ് മാറാനെത്തിയ ജീവനക്കാരനാണ് താഴിട്ട് പൂട്ടിയിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് 5ന് കെ.എസ്.ഇ.ബി അധികൃതർ ഇടുക്കി പോലീസിൽ പരാതി നൽകി. ഡോഗ് സ്‌ക്വാഡ് അടക്കം എത്തിച്ച് പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. 
ടാക്‌സി കാർ കണ്ടെത്തിയതായും സൂചനയുണ്ട്. ഇതേത്തുടർന്ന് ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറന്നു കൊടുത്തിരുന്നത് ഇന്നലെ മുതൽ വീണ്ടും അടച്ചു. അതീവ സുരക്ഷാ മേഖലയായ ഇടുക്കി ഡാമിൽ സുരക്ഷാ പരിശോധനക്ക് ശേഷമാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. മൊബൈൽ ഫോൺ പോലും അനുവദിക്കില്ല.

Latest News