ഷാര്‍ജ- അല്‍ നഹ്ദ ഏരിയയിലെ 15 നിലകളുള്ള ബഹുനില കെട്ടിടത്തിലെ താമസക്കാര്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ വെല്ലുവിളി നേരിടുകയാണ്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ മൂന്ന് എലിവേറ്ററുകളും പ്രവര്‍ത്തനം നിലച്ചതുമുതല്‍, ആളുകള്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ 315 പടികള്‍ കയറണം.
ഹൃദ്രോഗികളായ താമസക്കാര്‍ ഇതുമൂലം വലഞ്ഞു. തന്റെ ഭര്‍ത്താവ് പടി കയറുന്നതിനിടെ ബോധംകെട്ടു വീണതായി ഒരു വനിത പറഞ്ഞു. കെട്ടിടത്തിന്റെ മൂന്ന് ലിഫ്റ്റുകളും കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിച്ച എന്റെ ഭര്‍ത്താവിന് ഇന്നലെ ബോധം നഷ്ടപ്പെട്ടു. ആളുകള്‍ രോഗബാധിതരാകുന്ന സാഹചര്യം കാരണം ജോലിയില്‍ നിന്ന് അവധിയെടുക്കേണ്ടി വന്നു. ഇത് അംഗീകരിക്കാനാവില്ല.- അവര്‍ പറഞ്ഞു.
താമസക്കാരില്‍ പലരും തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടു. സ്ഥിതി ദയനീയമാണ്. സ്‌കൂള്‍ കുട്ടികളാണ് ഏറെ പ്രയാസപ്പെടുന്നത്. പല കുട്ടികള്‍ക്കും പടികള്‍ കയറിത്തീര്‍ക്കാനാവുന്നില്ല.
ഓണ്‍ലൈന്‍ ഡെലിവറികള്‍ കെട്ടിടത്തില്‍ സേവനം നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ താമസക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ ഇല്ലാതെയാകും. കുടിവെള്ളംപോലും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
'ആരും ഞങ്ങളുടെ കെട്ടിടത്തിലേക്ക് പലചരക്ക് സാധനങ്ങളൊന്നും നല്‍കുന്നില്ല. കുടിവെള്ളം പോലും ഒരു വെല്ലുവിളിയാണ്. മുഴുവന്‍ കുടുംബത്തിനും ഇത്രയധികം ഗാലന്‍ വെള്ളവുമായി ഞങ്ങള്‍ എങ്ങനെ കയറും. ദിവസവും മൂന്നും നാലും തവണ പടികള്‍ കയറി ഇറങ്ങേണ്ടി വരുന്നു. എനിക്ക് ഓഫീസില്‍ പോകണം, എന്റെ കുട്ടികളെ സ്‌കൂളില്‍നിന്ന് കൊണ്ടുവരണം, പിന്നെ തിരികെ പോകണം. വളരെ സമയമെടുക്കുന്നു, മാത്രമല്ല ശാരീരികമായും തളരുന്നു. എന്റെ ആറുവയസ്സുള്ള മകള്‍ക്ക് സുഖമില്ലാതായി. ഞങ്ങള്‍ക്ക് ഇതുവരെ ആരില്‍ നിന്നും വ്യക്തമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഏകദേശം ഒരാഴ്ചയായി, ഇതുവരെ ഒന്നും പരിഹരിച്ചിട്ടില്ല- ഹസ്സന്‍ എന്ന താമസക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
കെട്ടിടത്തിന്റെ മാനേജ്‌മെന്റുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.