ചെംസ്‌ഫോഡ് - ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരം സമനിലയിൽ കലാശിച്ചു.
രണ്ട് ഇന്നിംഗ്‌സിലും ശിഖർ ധവാനും ചേതേശ്വർ പൂജാരയും പരാജയപ്പെട്ടത് ടീമിന് വലിയ തിരിച്ചടിയായി. ശിഖറിന് രണ്ട് ഇന്നിംഗ്‌സിലും അക്കൗണ്ട് തുറക്കാനായില്ല. ആകെ നേരിട്ടത് നാലു ബോളുകളായിരുന്നു. പൂജാര 1, 23 എന്നിങ്ങനെയാണ് സ്‌കോർ ചെയ്തത്. കൗണ്ടിയിൽ യോർക്ഷയർ നിരയിലും പൂജാര ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു. ശിഖറും പൂജാരയും കൂടുതൽ സമയം പരിശീലനത്തിൽ ചെലവഴിച്ചിരുന്നുവെങ്കിലും അതൊന്നും ഗുണം ചെയ്തില്ല.
ഇന്ത്യൻ ബൗളർമാരും കൊടും ചൂടിൽ വിക്കറ്റ് കിട്ടാതെ വലഞ്ഞു. എട്ടിന് 359 ൽ ഡിക്ലയർ ചെയ്ത എസക്‌സ് ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സിൽ രണ്ടിന് 40 ലേക്ക് തള്ളിവിട്ടതായിരുന്നു. എന്നാൽ കെ.എൽ രാഹുലും (36 നോട്ടൗട്ട്) അജിൻക്യ രഹാനെയും (19 നോട്ടൗട്ട്) അപകടകമകറ്റി. രണ്ടിന് 89 ലെത്തി നിൽക്കെ മഴ പെയ്തതോടെ കളി അവസാനിപ്പിച്ചു. രാഹുൽ ഇരുപത്തിരണ്ടാമത്തെ പന്തിലാണ് അക്കൗണ്ട് തുറന്നത്. ഏഴിലുള്ളപ്പോൾ രാഹുൽ അനുവദിച്ച ക്യാച്ച് സ്ലിപ്പിൽ മാറ്റ് കോൾസ് മൂന്നു തവണ ശ്രമിച്ച ശേഷം കൈവിട്ടു.
പരിശീലനത്തിനിടെ വലതു കൈക്ക് പരിക്കേറ്റ ആർ. അശ്വിൻ ഒരു പന്ത് പോലുമെറിഞ്ഞിരുന്നില്ല. ആദ്യ ടെസ്റ്റ് ബുധനാഴ്ച ആരംഭിക്കുകയാണ്.