കണ്ണൂര്‍- കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സിദ്ധന്‍ പിടിയില്‍. എലിപ്പറ്റച്ചിറ ചാത്തന്‍ സേവാ കേന്ദ്രം നടത്തുന്ന, 'സൗപര്‍ണിക 'യില്‍ ജയേഷ് കോറോത്താണ് (44)പിടിയിലായത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കൂത്തുപറമ്പ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ ആക്ഷേപം ഉയര്‍ന്നിരുന്നു.
കൂത്തുപറമ്പ് സ്‌റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2022 ജനുവരി 23 മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ 29 വരെയുള്ള ഒന്നര വര്‍ഷ കാലമാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ന്ന് കഴിഞ്ഞ രാത്രിയാണ് പ്രതി ജയേഷിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബന്ധുക്കളോടൊപ്പമാണ് പെണ്‍കുട്ടി മന്ത്രവാദ
കേന്ദ്രത്തിലേക്ക് എത്തിയത്. അവിടെ വെച്ചാണ് പീഡനം നടന്നതെന്ന് പോലീസ് പറയുന്നത്. പഠനത്തില്‍ മികവ് നേടാനും നൃത്തത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് അനുഗ്രഹം വാങ്ങാനും പെണ്‍കുട്ടികള്‍ ഈ മന്ത്രവാദകേന്ദ്രത്തില്‍ വരാറുണ്ടെന്നാണ് വിവരം. ജയേഷിന്റെ മന്ത്രവാദകേന്ദ്രത്തിനെതിരേ നാട്ടുകാരില്‍നിന്ന് നേരത്തെയും പരാതികളുണ്ടായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് മന്ത്രവാദ കേന്ദ്രത്തിനെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.