ഹായില്‍ - നഗരത്തിലെ അല്‍മുന്‍തസഹ് അല്‍ശിമാലി ഡിസ്ട്രിക്ടില്‍ പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ മസ്ജിദില്‍ എത്തിപ്പെടാന്‍ സ്വന്തം വീട് വെട്ടിമുറിച്ച് വഴിയൊരുക്കിയിരിക്കുകയാണ് സൗദി വനിത അല്‍ആതി ബിന്‍ത് സലാമ അല്‍ഖംസാന്‍.
മസ്ജിദില്‍ എളുപ്പത്തില്‍ എത്തിപ്പെടാന്‍ വഴിയില്ലാത്തതിനെ കുറിച്ച് പ്രദേശവാസികളില്‍ ഒരാള്‍ ആവലാതിപ്പെട്ടതോടെയാണ് സ്വന്തം വീട് വെട്ടിമുറിച്ച് ആളുകള്‍ക്ക് സൗദി വനിത പള്ളിയിലേക്ക് വഴിയൊരുക്കിയത്.
മസ്ജിദിലേക്കു മാത്രമല്ല, ബഖാലയിലേക്കും ബേക്കറിയിലേക്കും മറ്റും പോകാനും ഈ വഴി നാട്ടുകാര്‍ ഉപയോഗിക്കുന്നു. അല്‍ആതി ബിന്‍ത് സലാമ അല്‍ഖംസാന്‍ പിന്നീട് ഈ വീട് വിറ്റു. എന്നാല്‍ വീട് വില്‍പന നടത്തിയപ്പോള്‍ ഈ വഴി ഒരിക്കലും അടക്കരുതെന്ന് വീട് വാങ്ങിയ ആളോട് പ്രത്യേകം വ്യവസ്ഥ വെക്കുകയും പുതിയ ഉടമ ഇത് സന്തോഷ പൂര്‍വം അംഗീകരിക്കുകയുമായിരുന്നെന്ന് പ്രദേശവാസിയായ സൗദി പൗരന്‍ പറഞ്ഞു.