ദുബായ് - 2020 ലെ ഒളിംപിക്‌സിന് മുമ്പ് തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് ടെന്നിസ് താരം സാനിയ മിർസ. ഒക്‌ടോബറിൽ ആദ്യ കുഞ്ഞിന്റെ അമ്മയാവാനൊരുങ്ങുകയാണ് സാനിയ. ഗർഭധാരണത്തിന് മുമ്പും കാൽമുട്ടിലെ വേദനയുമായി ദീർഘകാലമായി കോർടിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഒരിക്കലും പരമ്പരാഗത സ്ത്രീയുടെ വഴികൾ പിന്തുടർന്നിട്ടില്ലെന്നും അതിൽ ആഹ്ലാദമുണ്ടെന്നും മുപ്പത്തൊന്നുകാരി പറഞ്ഞു. മാതാപിതാക്കൾ എന്റെ എല്ലാ തീരുമാനങ്ങളും പിന്തുണച്ചിട്ടുണ്ട്. മറ്റൊരാളും വിംബിൾഡൺ നേടുന്നത് സ്വപ്‌നം പോലും കാണാത്ത സമയത്ത് ഹൈദരാബാദിൽ ടെന്നിസ് കളിക്കാൻ അവർ സമ്മതിച്ചു. ഞാൻ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കുന്നതിലായാലും വിവാഹം കഴിഞ്ഞ് എട്ടു വർഷത്തോളം ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്നതിലായാലും സ്വന്തം വഴിയാണ് ഞാൻ സ്വീകരിച്ചത്. സ്‌പോർട്‌സ് എനിക്കും ഭർത്താവിനും വലിയ പാഠമായിരുന്നു. ഇവിടെ വരെയെത്തുന്നതിനിടയിൽ സ്‌പോർട്‌സ് ഞങ്ങളിൽനിന്ന് ഒരുപാട് എടുക്കുകയും ചെയ്തു. വിജയവും പരാജയവും എങ്ങനെ സ്വീകരിക്കണമെന്ന് അത് പഠിപ്പിച്ചു. എങ്ങനെ തിരിച്ചുവരണമെന്നും -സാനിയ പറഞ്ഞു.