കനത്ത നഷ്ടം -ഹൈദരലി തങ്ങൾ
മലപ്പുറം- ചെർക്കളം അബ്ദുല്ലയുടെ നിര്യാണം തീരാനഷ്ടമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മതരംഗങ്ങളിൽ ജ്വലിച്ച് നിന്ന മാതൃകാ വ്യക്തിത്വമായിരുന്നു അദ്ദേഹം. മികച്ച ഭരണാധികാരിയും കഴിവുറ്റ സംഘാടകനുമായിരുന്നു. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനക്കരുത്തും ധൈര്യവും അദ്ദേഹത്തിന്റെ കൈ മുതലായിരുന്നു. മതമൈത്രിക്കായി ചെർക്കളം കനപ്പെട്ട സംഭാവനകൾ അർപ്പിച്ചു. മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ തിളക്കമുറ്റിയതാണ്. പാർട്ടിയുടെ ഏത് കാര്യത്തിലും അദ്ദേഹം അതീവ തൽപ്പരനായിരുന്നു. മുസ്‌ലിം ലീഗ് യോഗങ്ങളിൽ ഒരിക്കൽ പോലും അവധി പറത്തിരുന്നില്ല. കിടപ്പിലാകുന്നത് വരെ വളരെ സജീവമായി ഓടി നടന്നു. ദീർഘകാലം നിയമസഭാ സാമാജികനായി ചെർക്കളം കാഴ്ച്ചവെച്ച കർമ മണ്ഡലം ശ്രദ്ധേയമാണ്. സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും കുരുത്തുറ്റ പോരാളിയായിരുന്നു. ആർക്ക് മുന്നിലും ആദർശം പണയം വെച്ചിരുന്നില്ല- തങ്ങൾ പറഞ്ഞു.
മതേതര ചേരിക്ക് കനത്ത നഷ്ടം - കുഞ്ഞാലിക്കുട്ടി
കാസർകോട്- യു.ഡി.എഫിന്റെ അതികായനായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. കാസർകോട്ടെ മതേതര ചേരിയുടെ അവസാന വാക്കായിരുന്നു അദ്ദേഹം. അത് തന്നെയായിരുന്നു ചെർക്കളത്തിന്റെ അഡ്രസ്സ്. സ്ഥിരം പ്രശ്‌നങ്ങളുണ്ടാകുന്ന കാസർകോട്ട് സമാധാനം നിലനിർത്തുന്നതിന് നായകനായി ചെർക്കളം പ്രവർത്തിച്ചു. വാക്ക് പറഞ്ഞാൽ അത് ചെയ്യാതിരിക്കുന്ന പ്രകൃതക്കാരനല്ല. പറഞ്ഞാൽ അത് ചെയ്തിരിക്കും. ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ കൂടെയും ഇ. അഹ് മദിന്റെ കൂടെയും എ.കെ. ആന്റണിയുടെ കൂടെയും ഉമ്മൻ ചാണ്ടിയുടെ കൂടെയും ഒരു പോലെ സഹപ്രവർത്തകനായി പ്രവർത്തിച്ചു. ചെർക്കളത്തിന്റെ വിൽപവറായിയിരുന്നു അദ്ദേഹത്തിന്റെ ശക്തി. പാർട്ടിക്കും ജനാധിപത്യ ചേരിക്കും നേരിട്ട നഷ്ടമാണ് ചെർക്കളത്തിന്റെ വിയോഗമെന്ന് കുഞ്ഞാലികുട്ടി അനുശോചന കുറിപ്പിൽ പറഞ്ഞു.
കരുത്തിന്റെ പര്യായം - ഇ.ടി മുഹമ്മദ് ബഷീർ എം.പി
ഏകദേശം ആറര പതിറ്റാണ്ടുകളോളം വളരെ അടുത്ത് ഹൃദയബന്ധം പുലർത്തി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചവരാണ് ഞാനും ചെർക്കളവും.രാഷ്ട്രീയ പ്രവർത്തനത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയായി കാണാൻ കഴിയുക നിശ്ചയധാർഢ്യവും ധൈര്യവുമാണ്. ചെർക്കളം ഏത് കാര്യം ഏറ്റെടുത്താലും അത് ധൈര്യസമേതം ചെയ്ത് പൂർത്തിയാക്കാനുള്ള ഒരു ത്രാണി സർവ്വ ശക്തൻ അദ്ദേഹത്തിന് നൽകിയിരുന്നു. ഞാനും ചെർക്കളവും ഒന്നിച്ച് പ്രധാനമായ ഒരു കാര്യത്തിനായി ഒന്നര മാസത്തോളം ബോംബെയിൽ ജോലി ചെയ്തിട്ടുണ്ട്. കുവൈത്ത് യുദ്ധം ഉണ്ടായ സമയത്ത് നമ്മുടെ നാട്ടുകാർ അവിടെ നിന്ന് ഒരു രക്ഷയുമില്ലാതെ പോരുന്ന സമയത്ത് ബോംബെയിൽ അവരെ സ്വീകരിച്ച് നാട്ടിലേക്ക് അയക്കുന്നത് വരെ വിശ്രമിക്കാനും ഭക്ഷണ സൗകര്യം ഏർപ്പെടുത്താനുമായി പാർട്ടി തീരുമാനം എടുത്ത് അത് ഓർഗനൈസ് ചെയ്യുന്നതിനായി ചെർക്കളത്തെയും എന്നെയുമാണ് നിയോഗിച്ചത്. എത്ര സാമർത്ഥ്യത്തോടെയാണ് ചെർക്കളം ആ കാര്യങ്ങൾ കൈകാര്യം ചെയ്തത് എന്ന് അത്ഭുതത്തോടെ ഞാൻ നോക്കിയ സംഗതിയാണ്. ഞങ്ങളെ ഏൽപിച്ച കാര്യങ്ങൾ വളരെ ഭംഗിയായി നിർവ്വഹിച്ചു. എല്ലാം നഷ്ടപ്പെട്ട് വരുന്ന ആളുകൾക്ക് വലിയ ആശ്വാസമായിരുന്നു അത്. പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിൽ നൂതന ആശയങ്ങൾ കൊണ്ട് വന്നിരുന്നു. ദാരിദ്ര നിർമാർജനത്തിനായി സ്ത്രീകളുടെ കൂട്ടായ്മ, അയൽകൂട്ടങ്ങൾ, സ്വയം സഹായസംഘങ്ങൾ, കുടുംബശ്രീ എന്നീ ആശയങ്ങളുടെ ഉപജ്ഞാതാവ് ചെർക്കളമായിരുന്നു-ഇ.ടി മുഹമ്മദ് ബഷീർ അനുസ്മരിച്ചു.
ചെർക്കളത്തിന്റേത് വിലയേറിയ സംഭാവന -ചെന്നിത്തല
തിരുവനന്തപുരം - മുൻ മന്ത്രിയും മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ജനപ്രതിനിധി, മന്ത്രി എന്നീ നിലകളിലും മുസ്‌ലീം ലീഗിന്റെ മുന്നണി പോരാളി എന്ന നിലയിലും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. നാല് തവണ മഞ്ചേശ്വരത്ത് നിന്ന് എം,എൽ,എ എന്ന നിലയിലും 2001 ൽ ആന്റണി മന്ത്രി സഭയിൽ തദ്ദേശസ്വയംഭരണ മന്ത്രി എന്ന നിലയിലും പ്രവർത്തിച്ച അദ്ദേഹം വടക്കേ മലബാറിന്റെ മണ്ണിലേക്ക് വികസനത്തിന്റെ വെളിച്ചമെത്തിച്ച നേതാവായിരുന്നു. കാസർകോട് ജില്ലയിൽ ബി.ജെ.പിയുടെ കടന്നു കയറ്റത്തെ തടയുന്നതിന് മതേതര ശക്തികളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു, അദ്ദേഹത്തിന്റെ നിര്യാണത്തോടെ കേരളത്തിലെ ഏറ്റവും പ്രമുഖനായ ഒരു രാഷ്ട്രീയ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രസ്ഥാനത്തിന്റെ തണലായിനിന്ന നേതാവ് -എസ്.കെ.എസ്.എസ്.എഫ്
കാസർകോട്- രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുമ്പോഴും സമസ്തയുടെ നിർണായക ഘട്ടങ്ങളിൽ കൂടെ നിന്ന് കരുത്ത് തെളിയിച്ച് പ്രസ്ഥാനത്തിന് താങ്ങും തണലുമായി പ്രവർത്തിച്ച അപൂർവ്വ നേതാക്കളിൽ ഒരാളായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാർ, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന കമ്മിറ്റി അംഗം സുഹൈർ അസ്ഹരി എന്നിവർ അഭിപ്രായപ്പെട്ടു.
വിടവാങ്ങിയത് ഇഛാശക്തിയുള്ള നേതാവ് - വെൽഫെയർ പാർട്ടി
കാസർകോട്- ഇഛാശക്തിയും അർപ്പണ ബോധമുള്ള നേതാവായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസ്ഡന്റ് മുഹമ്മദ് വടക്കേകര അഭിപ്രായപ്പെട്ടു.
നിര്യാണം നാടിന്റെ നഷ്ടം -എസ്.ഡി.പി.ഐ
കാസർകോട്- നാടിന്റെ നാടിമിടിപ്പറിയുന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. മത, സാമൂഹിക, രാഷട്രീയ മേഖലകൾക്ക് തീരാ നഷ്ടമാണെന്നും ജില്ലയുടെ ചരിത്രത്തോടപ്പം എന്നും ഓർക്കുന്ന വ്യക്തിത്വമാകും അദ്ദേഹമെന്നും അനുശോചനത്തിൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം -ഫോർവേഡ് ബ്ലോക്ക്
കാസർകോട്- മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തിൽ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണെന്ന് ജില്ലാ സെക്രട്ടറി മുനീർ മുനമ്ബം പറഞ്ഞു. ദേശീയ സെക്രട്ടറി ജി. ദേവരാജൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രാംമോഹൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് ശങ്കരാനല്ലൂർ, അഡ്വ. മനോജ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം അബ്ബാസ് മുതലപ്പാറ തുടങ്ങിയവർ അനുശോചനമറിയിച്ചു.
കാസർകോടിന് തീരാനഷ്ടം -യുവ ജനതാദൾ
കാസർകോട്- ചെർക്കളം അബ്ദുല്ലയുടെ വേർപാട് കാസർകോടിന് തീരാ നഷ്ടമാണെന്നും പല വികസന കാര്യങ്ങളിലും നിർണായക പങ്കുവഹിച്ചിരുന്ന വ്യക്തിത്വമായിരുന്നുവെന്നും യുവ ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി ഉമർ പാടലടുക്ക പറഞ്ഞു. വർഗീയതക്കെതിരെ ശക്തമായി പ്രതികരിക്കുകയും നാടിന്റെ നന്മയ്ക്കും സമാധാന ഐക്യത്തിനും വേണ്ടി ഒരുപാട് ശബ്ദമുയർത്തിയ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹമെന്നും ഉമർ പാടലടുക്ക അനുശോചിച്ചു.
നിലപാടുകളിലുറച്ച് നിന്നു- അഡ്വ.കെ.ശ്രീകാന്ത്
കാസർകോട്- തന്റെ നിലപാടുകളിൽ ഉറച്ച് നിന്ന് ധീരമായി അഭിപ്രായം പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു ചെർക്കളം അബ്ദുള്ളയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് നേതൃപരമായ പങ്ക് വഹിച്ച് നിറഞ്ഞ് വ്യക്തിത്വമായിരുന്നു അദ്ദേഹം. സംയുക്ത ജമാഅത്ത് ജനപ്രതിനിധിയെന്ന നിലയ്ക്കും ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച് നിറഞ്ഞ് നിന്ന ചെർക്കളത്തിന്റെ മരണം നികത്താനാവാത്ത വിടവ് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേർത്തു.
വിയോഗം ശൂന്യത തീർക്കുന്നു- സി.ടി
കാസർകോട്- മുസ്‌ലിം ലീഗിലും, ജനപ്രതിനിധി കലയളവിലുംസമകാലികരും സഹാദര സ്ഥാനീയ വ്യക്തിത്വവുമായ ചെർക്കളംഅബ്ദുള്ളയുടെ വിയോഗം മാനസികമായി തളർത്തുന്ന നഷ്ടമാണെന്ന് മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.ടി.അഹമ്മദലി പറഞ്ഞു. എന്നും തന്റെ നേതൃസ്ഥാനത്തായിരുന്നു അദ്ദേഹം. കാർക്കശ്യ നിലപാടും ആർജ്ജവമുള്ള തീരുമാനവും സംഘടനയെയും, കാസർകോടിനെയും ഏറെ മുന്നോക്കം നയിച്ചുവെന്നും സി.ടി അഹമ്മദലി പറഞ്ഞു