കോഴിക്കോട് - നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന്റെ റിപോർട്ട്. ഭൂപരിധി നിയമം മറികടക്കാനായി അൻവർ ഗുരുതര ക്രമക്കേടുകൾ നടത്തിയതായാണ് ലാൻഡ് ബോർഡ് ഓതറൈസ്ഡ് ഓഫീസർ സമർപ്പിച്ച റിപോർട്ടിലുള്ളത്. പി.വി അൻവറിന് എതിരായ മിച്ചഭൂമി കേസിൽ താമരശ്ശേരി ലാൻഡ് ബോർഡ് ഇന്ന് നടത്തിയ സിറ്റിങ്ങിലാണ് റിപോർട്ട് സമർപ്പിച്ചത്.
അൻവറിന്റെയും ഭാര്യയുടേയും പേരിലുള്ള പി.വി.ആർ എന്റർടെയ്‌ന്മെന്റ് എന്ന പങ്കാളിത്ത സ്ഥാപനം പാർട്ണർഷിപ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇത് തുടങ്ങിയത് ചട്ടം മറികടക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഇതുവരെ എം.എൽ.എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുമ്പാകെ സമർപ്പിച്ചിട്ടില്ല. അൻവറിന്റേയും കുടുംബത്തിന്റേയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നു ലാൻഡ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെ.വി ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ എം.എൽ.എ അടക്കമുള്ളവർക്ക് ഇന്നുവരെ സമയം അനുവദിച്ചത്.