ആധുനിക പ്രചാരണ ഉപകരണങ്ങളോ ഇന്ന് കാണുന്നത് പോലുള്ള ഉച്ചഭാഷിണിയോ വ്യാപകമായി ഇല്ലാതിരുന്ന കാലത്ത് രാഷ്ട്രീയം തലയ്ക്ക് പിടിച്ചു മെഗാഫോണും കൈയിൽ പിടിച്ചു സൈക്കിളിൽ കയറി ഇടവഴികളിലൂടെയും റോഡിലൂടെയും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ആളുകളെ കയ്യിലെടുത്തിരുന്ന ഒരു പയ്യനെ ചെർക്കളത്തുകാർക്ക് അറിയാം. പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണവും തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിക്കലും എതിരാളികളെ നേരിടലും എല്ലാം കൈയിൽ ഏന്തുന്ന മെഗാഫോണിലൂടെയായിരുന്നു. ചെറിയ പ്രായത്തിൽ മെഗാഫോണിലൂടെ വിളിച്ചുപറയൽ ഹോബിയാക്കിയ ഈ ബാലനെയാണ് പിന്നീട് കാസർകോട്ടെ നേതാക്കൾ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏൽപ്പിച്ചിരുന്നത്.
അനുഭവങ്ങളുടെ ആ കരുത്തുമായാണ് രാഷ്ട്രീയ കളരിയിൽ ആ ബാലൻ പയറ്റിത്തെളിഞ്ഞത്. അത് മറ്റാരുമായിരുന്നില്ല, ഇന്ന് നാം അറിയുന്ന ചെർക്കളം അബ്ദുല്ലയായിരുന്നു. രാഷ്ട്രീയ കളരിയിൽ പടവുകൾ ഒന്നൊന്നായി കയറിപോയ ചെർക്കളത്തിന്റെ പദവികൾക്ക് പകരംവെക്കാൻ മറ്റൊരാളുണ്ടായിരുന്നില്ല. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വവുമായും പാണക്കാട് തങ്ങളുടെ കൊടപ്പനക്കൽ തറവാടുമായും കുടുംബവുമായും അദ്ദേഹത്തിനുണ്ടായ ഇഴപിരിയാത്ത ബന്ധമാണ് ചെർക്കളം എന്ന നേതാവിനെ വളർത്തി വലുതാക്കിയത്. ചെറിയ പ്രായത്തിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം മന്ത്രിപദത്തിലും ഉന്നത സ്ഥാനങ്ങളിലും എത്തുമ്പോഴും കാസർകോടൻ ജനതയുടെ പ്രിയപ്പെട്ട നേതാവായി തുടരാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പാർട്ടിയുടെ അമരത്ത് ഉണ്ടായിരുന്ന കരുത്തനും ശക്തനുമായ നേതാവിനെയാണ് കാസർകോട് മുസ്‌ലിംലീഗിന് നഷ്ടപ്പെടുന്നത്. അജയ്യമായിരുന്നു ആ ശക്തി. ചെർക്കളയിലെ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും മാതാവ് ആസ്യമ്മയുടെയും മകനായി 1942 സെപ്റ്റംബർ 15 ന് ജനിച്ച ചെർക്കളം അബ്ദുല്ല എം.എസ്. എഫിലൂടെയും മുസ്‌ലിം യൂത്ത് ലീഗ് പ്രസ്ഥാനത്തിലൂടെയുമാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. അവിഭക്ത കണ്ണൂർ ജില്ലയുടെ യൂത്ത് ലീഗ് പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തനം തുടങ്ങിയ ചെർക്കളം അബ്ദുള്ള കാസർകോട് ജില്ലയുടെ രൂപീകരണത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച മഹദ്‌വ്യക്തിയാണ്. കാസർകോടിന്റെ വികസനത്തിന് നാന്ദി കുറിച്ച ഒട്ടേറെ പദ്ധതികളുടെ ശില്പി എന്ന നിലയിൽ പ്രസിദ്ധനായ ചെർക്കളത്തിന് കാസർകോട്ടെ പാർട്ടി അണികളുടെയും പ്രവർത്തകരുടെയും ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടാൻ സാധിച്ചിട്ടുണ്ട്.
പാർട്ടിയെ ഇതുപോലെ ശക്തമായി നയിക്കാൻ കഴിയുന്ന മറ്റൊരു നേതാവും കാസർകോട് ഉണ്ടായിട്ടില്ല. രാഷ്ട്രീയ നേതാവായും മന്ത്രിയായും സ്വന്തം നാടിന്റെ പേര് തന്റെ പേരിനോടൊപ്പം ചേർത്ത് വെച്ച് ലോകത്തിന് പരിചയപ്പെടുത്തിയ ചെർക്കളം അബ്ദുല്ലയുടെ ജീവിതവും സംഭവബഹുലമായിരുന്നു. 2001 മുതൽ 2004 വരെ തദ്ദേശ ഭരണ മന്ത്രിയായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ, പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ, കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന കെ.എസ് അബ്ദുല്ലക്കൊപ്പം കാസർകോട്ട് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. കെ.എസിനൊപ്പം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽനിന്നു തുടർച്ചയായി നാല് തവണ എം.എൽ.എയായിരുന്ന ചെർക്കളം ആന്റണി മന്ത്രിസഭയിലാണ് തദ്ദേശ മന്ത്രിയായത്. ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞതോടെ നാല് വർഷം പൂർത്തിയാക്കിയ മന്ത്രിമാരെല്ലാം രാജിവെച്ചപ്പോൾ ചെർക്കളവും മന്ത്രിസ്ഥാനം ഒഴിയുകയായിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി ഒരു വർഷം മുഖ്യമന്ത്രിയായിരുന്നപ്പോൾ പകരം മന്ത്രിയായി ചെർക്കളത്തെ പരിഗണിച്ചില്ല. ഇതോടെ കാസർകോട് ജില്ലക്ക് യു.ഡി.എഫ് സർക്കാരിൽ പ്രാതിനിധ്യം നഷ്ടപ്പെടുകയും ചെയ്തിരുന്നു. മന്ത്രിയായിരിക്കുമ്പോഴും പാർട്ടി നേതാവായിരിക്കുമ്പോഴും സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, സിങ്കപ്പൂർ, ബഹ്‌റൈൻ, ലണ്ടൻ, തായ്‌ലന്റ്, ഇറാഖ്, ജോർദ്ദാൻ, ഇസ്രായേൽ, ഫലസ്തീൻ, മലേഷ്യ, ഈജിപ്ത്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിലെ ഭരണാധികാരികളുമായും മലയാളികളുമായും നല്ല ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്യാൻ ചെർക്കളം അബ്ദുല്ലക്ക് കഴിഞ്ഞിട്ടുണ്ട്.