തൃശൂർ - തൃശൂർ കൂർക്കഞ്ചേരിയിലെ സ്‌കൂളിൽ നിന്ന് ചൊവ്വാഴ്ച കാണാതായ മൂന്നു വിദ്യാർത്ഥികളെയും മഹാരാഷ്ട്രയിൽ കണ്ടെത്തി. ജെ.പി.ഇ.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസുകാരായ രണ്ടു പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയുമാണ് മഹാരാഷ്ട്രയിലെ പൻവേലിൽ കണ്ടെത്തിയത്. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
സ്‌കൂളിലേക്കു പോയ കുട്ടികൾ തിരിച്ചെത്താത്തിനെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. ഇതിൽ ഒരു കുട്ടി വീട്ടിൽ നിന്നും പണമെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരുടെ കൈവശം ഫോണുണ്ടായിരുന്നെങ്കിലും സ്വിച്ച് ഓഫായിരുന്നു. ബുധനാഴ്ച വൈകട്ടോടെ കുട്ടികളെ സംശയകരമായ സാഹചര്യത്തിൽ ട്രെയിനിലെ മലയാളി യാത്രക്കാർ കാണുകയായിരുന്നു. തുടർന്ന് മുംബൈയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവർ നാടുവിട്ട കുട്ടികളാണെന്ന സംശയത്തിൽ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് തൃശൂരിൽനിന്ന് കാണാതായ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞത്.