Sorry, you need to enable JavaScript to visit this website.

ഭക്ഷ്യ- പൊതുവിതരണ രംഗത്തെ കേരളത്തിന്റെ പദ്ധതികളെ അഭിനന്ദിച്ച് കേന്ദ്ര ഭക്ഷ്യവകുപ്പ് സെക്രട്ടറി

തിരുവനന്തപുരം- കേരളം ഭക്ഷ്യ- പൊതുവിതരണ രംഗത്ത് നടപ്പാക്കുന്ന പദ്ധതികള്‍ അഭിനന്ദിച്ച് കേന്ദ്രഭക്ഷ്യ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര. ഭക്ഷ്യ വിതരണരംഗത്ത് കേരളം നടപ്പിലാക്കുന്ന പുതിയ സംരംഭങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു ലഭിക്കേണ്ട കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കുന്നതും  സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രഭക്ഷ്യ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്രയുമായി സംസ്ഥാന ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അഭിനന്ദനം. 

സംസ്ഥാനത്ത് നടപ്പിലാക്കുന്ന കെ-സ്റ്റോര്‍ പദ്ധതി, കിടപ്പുരോഗികള്‍ക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ റേഷന്‍ വിഹിതം വീട്ടിലെത്തിച്ചു നല്കുന്ന ഒപ്പം പദ്ധതി, ആദിവാസി ഊരുകളിലും വിദൂരപ്രദേശങ്ങളിലും താമസസ്ഥലത്ത് റേഷന്‍ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍ കടകള്‍, 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന സുഭിക്ഷാ ഹോട്ടലുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് തങ്ങളുടെ വിഹിതം കൈപ്പറ്റാന്‍ സൗകര്യം ഒരുക്കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് എന്നിങ്ങനെയുള്ളവ അഭിനന്ദനാര്‍ഹമാണ് എന്നും ദേശീയതലത്തില്‍ ആവശ്യമായ മാറ്റങ്ങളോടെ ഇവ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്നും സഞ്ജീവ് ചോപ്ര മന്ത്രിയെ അറിയിച്ചു.

കേരളത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ ഇനത്തില്‍ അര്‍ഹമായ കേന്ദ്രസഹായത്തില്‍ ലഭിക്കാനുള്ള കുടിശ്ശികയുടെ വിഷയം മന്ത്രി കേന്ദ്ര സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. കണക്കുകളുടെ പരിശോധനയും സാങ്കേതിക നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കേരളത്തിന് അര്‍ഹമായ തുക വേഗം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ആയിരം കോടിയിലേറെ രൂപയാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുള്ളത്.

കേന്ദ്രഭക്ഷ്യവകുപ്പ് സെക്രട്ടറി തോന്നയ്ക്കലിലുള്ള കെ-സ്റ്റോര്‍, കിഴക്കേകോട്ടയിലെ സപ്ലൈകോ വില്‍പ്പനശാല എന്നിവ സന്ദര്‍ശിച്ചു. മംഗലപുരത്തെ റേഷന്‍ കടയില്‍ എത്തിയ അദ്ദേഹം കിടപ്പുരോഗികള്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതിയുടെ പ്രവര്‍ത്തനം നേരില്‍ കണ്ടു മനസിലാക്കി.

Latest News