ന്യുദൽഹി- യുപിയിലെ മുസഫർനഗറിൽ അധ്യാപികയുടെ നിർദേശ പ്രകാരം മുസ്ലീം വിദ്യാർത്ഥിയെ സഹപാഠികൾ തല്ലിയ സംഭവത്തിൽ കേസന്വേഷണത്തിന്റെ നിജസ്ഥിതിയും സംരക്ഷണത്തിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി മുസഫർനഗർ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. സെപ്തംബർ 25നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് യുപി സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അധ്യാപികയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സ്വകാര്യ സ്‌കൂളായ നേഹ പബ്ലിക് സ്‌കൂൾ അടച്ചുപൂട്ടി അധ്യാപിക ത്രിപ്ത ത്യാഗിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തർപ്രദേശ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് സ്കൂൾ സംവിധാനത്തിനുള്ളിലെ പ്രതിരോധ, പരിഹാര നടപടികളെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും ഹരജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അധ്യാപികക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്‌തതുമുതൽ ഒത്തുതീർപ്പ് നടത്താനും എഫ്‌ഐആർ ഒഴിവാക്കാനും കുട്ടിയുടെ കുടുംബത്തിന്മേൽ സമ്മർദ്ദം ശക്തമാണെന്നും ഹരജിക്കാരൻ ആരോപിച്ചു.