- കർഷകരുടെ അന്നവും സ്‌കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടക്കിയ സർക്കാരാണിതെന്നും കെ.പി.സി.സി പ്രസിഡന്റ്
തിരുവനന്തപുരം - പുതുപ്പുള്ളിയിൽ ചാണ്ടി ഉമ്മൻ ജയിച്ചാൽ അത് ബി.ജെ.പി വോട്ടുകൾ മറിച്ചായിരിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പരിഹാസവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ.
സി.പി.എം എട്ടാം തിയ്യതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂൾ എം.വി ഗോവിൻ അറിയാതെ പുറത്തുവിട്ടിരിക്കുകയാണെന്നാണ് സുധാകരന്റെ പരിഹാസം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സി.പി.എം ഈ ക്യാപ്‌സൂൾ തയ്യാറാക്കി വച്ചതെന്നും സുധാകരൻ അദ്ദേഹം പറഞ്ഞു. ഫലം പുറത്തുവരും മുമ്പേ സി.പി.എമ്മിൽ അഭ്യന്തരകലാപത്തിന്റെ കൊടി ഉയർന്നുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണികൊടുത്ത ഗോവിന്ദനെ സഹായിക്കാൻ തോമസ് ഐസക്ക് ഭരണയന്ത്രം തുരുമ്പിച്ചു എന്നുവരെ ലേഖനം എഴുതി. ഭരണയന്ത്രം തുരുമ്പിക്കുകയും ഭരിക്കുന്നവർ അഴുകുകയും ചെയ്തു. ഇനിയും പാർട്ടിയിലെ പലരുടെയും പലതും പുറത്തുവരാനുണ്ട്.
പിണറായി വിജയന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാനിരിക്കുന്നത്. സർക്കാരിനെതിരെ വൻ ജനരോഷമാണ് പുതുപ്പള്ളിയിൽ കാണാനായത്. ഇക്കാര്യം തിരിച്ചറിഞ്ഞ മന്ത്രിമാർ ഒരു നേർച്ചപോലെ അവിടെയെത്തി മടങ്ങിപ്പോകുകയാണുണ്ടായത്. കർഷകരുടെ അന്നവും സ്‌കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടക്കിയ സർക്കാരാണിത്. ഇടതുമുന്നണിയുടെ തകർച്ചയുടെ ആഘാതം കൂട്ടുന്നതായിരിക്കും പുതുപ്പള്ളി ഫലം. പിണറായിയുടെ മാടമ്പി സ്വഭാവം സ്വന്തം പാർട്ടിക്കാർക്ക് പോലും സഹിക്കാവുന്നതിനപ്പുറമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.