ആലപ്പുഴ- കുട്ടനാട്ടില്‍ 294 പേര്‍ സി.പി.എം വിട്ടു സി.പി.ഐയില്‍ ചേര്‍ന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. കുട്ടനാട് ഏരിയാ നേതൃത്വം ഏകാധിപതികളെ പോലെ പെരുമാറുന്നുവെന്ന് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരെ കമ്മീഷനെ വെച്ച് പീഡിപ്പിക്കുകയാണ്. കുട്ടനാട്ടിലെ വിഭാഗീയത പരിഹരിച്ചു എന്ന വാദം കള്ളമാണ്.
രാമങ്കേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പറും ബ്രാഞ്ച് സെകട്ട്രറിമായ സജീവ് ഉംന്തറയെ രാമങ്കേരി ജംഗ്ഷനില്‍ പരസ്യമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദിച്ചവരെ പാര്‍ട്ടി ഏരിയാ നേതൃത്വം സംരക്ഷിക്കുകയാണ്. ഇതിനെതിരെ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും അടക്കമുള്ള നേതൃത്വം ഇതിനെല്ലാം കുടപിടിക്കുകയാണ്. എം.വി ഗോവിന്ദന്‍ സെക്രട്ടറി ആയപ്പോള്‍ ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ സ്ത്രീപീഡന കേസുകളില്‍പോലും നടപടിയില്ലെന്നും രാജേന്ദ്രകുമാര്‍ പറഞ്ഞു.
പഞ്ചായത്ത് അംഗത്തിനെതിരെ ഇരയായ സ്ത്രീ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ നേരിട്ട് കണ്ട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് മാസമായിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ നീതിക്കായി ഇരയായ സ്ത്രീക്ക് പോലീസിനെ സമീപിക്കേണ്ടി വന്നു.
രാമങ്കരിയില്‍നിന്ന് 89 പേരും മുട്ടാറില്‍ നിന്ന് 81 പേരും തലവടിയില്‍ നിന്ന് 68 പേരും കാവാലത്തു നിന്ന് 45 പേരും വെളിയനാട്ടു നിന്ന് 11 പേരുമുണ്ട്. സി.പി.എമ്മിനു വന്‍ ഭൂരിപക്ഷമുള്ള രാമങ്കരി പഞ്ചായത്തില്‍ സി.പി.എമ്മിന്റെ ആധിപത്യം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി തിരഞ്ഞെടുപ്പു മുതല്‍ തുടരുന്ന വിഭാഗീയതയാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയത്. വരും നാളുകളില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടാവുമെന്നും രാജേന്ദ്രകുമാര്‍ പറഞ്ഞു