ജിദ്ദ- സൗദിയിലെ ഒരുപതിറ്റാണ്ടിലേറെക്കാലം അദ്ധ്വാനിച്ചതിന്‍റെ സര്‍വീസ് തുക ഉണ്ണികൃഷ്ണന് ലഭിച്ചത് കെ.എം.സി.സിയുടെ ഇടപെടലിലൂടെ. പതിമൂന്ന് വർഷം സൗദിയിലെ ബദർ എന്ന സ്ഥലത്ത് ബലദിയയിൽ ജോലി ചെയ്യുകയായിരുന്നു കൽപ്പറ്റ പുളിയർമല സ്വദേശി ഉണ്ണികൃഷ്ണൻ. കമ്പനിയിൽനിന്ന് എക്‌സിറ്റിൽ നാട്ടിലേക്ക് പോകുമ്പോൾ കിട്ടാനുള്ള സർവീസ് പൈസ വാങ്ങാൻ ഒരാളെ ഏൽപ്പിച്ചിട്ടാണ് ഉണ്ണികൃഷ്ണൻ നാട്ടിലേക്ക് പോയത്. എന്നാൽ, കമ്പനി ഇയാളുടെ എക്കൗണ്ടിൽ പണമിടാതെ ഉണ്ണികൃഷ്ണന്റെ എക്കൗണ്ടിലേക്കാണിട്ടത്. ഉണ്ണികൃഷ്ണൻ നാട്ടിലേക്ക് പോയതിനാൽ എക്കൗണ്ട് ബ്ലോക്കാകുകയും ചെയ്തു. കമ്പനി പറഞ്ഞത് അനുസരിച്ച് ഉണ്ണികൃഷ്ണൻ പേപ്പറുകൾ എല്ലാം എംബസിയിലേക്ക് അയച്ചെങ്കിലും ഒന്നും ശരിയായില്ല. ഉണ്ണികൃഷ്ണൻ വയനാട് ജില്ലാ മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് റസാക്ക് കൽപ്പറ്റയുമായി ഈ വിഷയം സംസാരിച്ചു. അദ്ദഹേം ജിദ്ദ വയനാട് ജില്ല കെ.എം.സി.സി പ്രസിഡന്റ് റസാക്ക് അണക്കായി യെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റസാക്ക് അണക്കായി ബദർ കെ.എം സി.സി.കമ്മിറ്റി പ്രസിഡണ്ട് ഷംസുദ്ദീൻ കണ്ണമംഗലത്തെ വിളിച്ച് ബന്ധപ്പെടുകയും നിരന്തരമായി ബാങ്ക് ശാഖയെ സമീപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ ഉണ്ണികൃഷണന്റെ നാട്ടിലെ എക്കൗണ്ടിലെത്തി. കെ.എം.സി.സി നേതാക്കളെ വിളിച്ച് ഉണ്ണികൃഷ്ണൻ സന്തോഷം അറിയിച്ചു.