കൊച്ചി- ജീവിത സാഹചര്യങ്ങളോട് പൊരുതി സ്വന്തമായി അധ്വാനിച്ച് കോളെജ് പഠനം മുന്നോട്ടു കൊണ്ടു പോകുന്ന ഹനാനെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയ മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുക്കാന്‍ പോലീസ് തീരുമാനം. കൊച്ചി സിറ്റി പോലീസാണ് കേസെടുക്കുക. ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഹനാനെ തെറിവിളിക്കുകയും അപമാനിക്കുകയും ചെയ്തവരെ വലയിലാക്കാന്‍ സൈബര്‍ സെല്‍ പണി തുടങ്ങി. തകര്‍ന്ന കുടുംബ പശ്ചാത്തലവും വര്‍ഷങ്ങളായി അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നതിനിടെ ജീവിതമാര്‍ഗമായി എറണാകുളം തമ്മനത്ത് മീന്‍ വില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയായ ഹനാനെ കുറിച്ച് മാതൃഭൂമി വാര്‍ത്ത നല്‍കിയതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഹനാന്‍ താരമായത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ടു തന്നെ ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗമാളുകള്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം അഴിച്ചു വിടുകയായിരുന്നു.
സൈബര്‍ ആക്രമണം പരിധിവിട്ടതോടെ തന്നെ ജീവിക്കാന്‍ വിടണമെന്നും തന്റെ ജീവിതം സത്യമാണെന്നും പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഹനാന്‍ പൊട്ടിക്കരഞ്ഞിരുന്നു. വാര്‍ത്ത കണ്ട് അക്കൗണ്ടിലേക്ക് അയച്ച ഒന്നര ലക്ഷത്തോളം രൂപ തിരികെ നല്‍കാമെന്നും തനിക്കൊരാളുടേയും പണം വേണ്ടെന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമായിരുന്നു ഹാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തമ്മനത്ത് മീന്‍ കച്ചവടത്തിനെത്തിയ ഹനാന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനു പരിഹാരമായി ഹനാന് മീന്‍ വില്‍പ്പനയ്ക്കായി കിയോക്‌സ് നല്‍കുമെന്ന് കൊച്ചി നഗരസഭ മേയര്‍ സൗമിനി ജെയ്ന്‍ അറിയിച്ചു. വില്‍പ്പനയ്ക്കുള്ള ലൈസന്‍സും സ്ഥലവും നഗര സഭ നല്‍കുമെന്നും അവര്‍ അറിയിച്ചു.