കോഴിക്കോട്- തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ കഴിഞ്ഞ ദിവസം പ്രഭാഷകൻ റഹ്മത്തുല്ല ഖാസിമി തന്റെ അഭിപ്രായം പറഞ്ഞിരുന്നു. സനാതന ധർമ്മത്തെ പിന്തുണച്ചായിരുന്നു ഖാസിമി നിലപാട് വ്യക്തമാക്കിയത്. ഇന്ന് വീണ്ടും ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തി ഖാസിമി രംഗത്തെത്തി. ഇന്ത്യയെ ഭാരതമാക്കുന്നുവെന്ന വിവാദങ്ങൾക്കിടെ പോസ്റ്റിൽ ഭാരതം എന്ന വാക്ക് കൂട്ടിച്ചേർത്താണ് ഖാസിമി അഭിപ്രായം പങ്കുവെച്ചത്.
സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള നൂറ്റിനാല്പത് കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന എന്റെ ഭാരതം, ഏതെങ്കിലും ഒരു വേദസംഹിതയുടെ ഭാഗമായി ലോകത്ത് ഏറ്റവും കൂടുതൽ മതവിശ്വാസികൾ ഉള്ള രാജ്യമാണ്. ധർമ്മവും നീതിയും കരുണയും നിലനിറുത്തുവാൻ മതവേദങ്ങൾക്കു മാത്രമേ കഴിയൂ. ലിബറൽ നിരീശ്വര വാദികൾ നടത്തുന്ന ഏതൊരു മതനിന്ദയും എതിർക്കേണ്ടത് സകല ഭാരതീയന്റെയും കടമയാണെന്നും ഖാസിമി പറഞ്ഞു.