ലാഹോര്‍ - ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയെ മറികടന്ന് സൂപ്പര്‍ ഫോറിലെത്താനുള്ള സാധ്യത അഫ്ഗാനിസ്ഥാന്‍ കളഞ്ഞുകുളിച്ചത് നിയമത്തെക്കുറിച്ച അജ്ഞത കാരണം. 37.1 ഓവറില്‍ ശ്രീലങ്കയുടെ സ്‌കോറായ എട്ടിന് 291 മറികടന്നാലേ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തൂ എന്നായിരുന്നു ചെയ്‌സിന്റെ തുടക്കത്തിലെ സമവാക്യം. മുപ്പത്തേഴാം ഓവറില്‍ റാഷിദ് ഖാന്‍ മൂന്ന് ബൗണ്ടറിയടിച്ചതോടെ അവര്‍ എട്ടിന് 289 ലെത്തി. മുപ്പത്തെട്ടാം ഓവറിലെ ആദ്യ പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ ധനഞ്ജയ ഡിസില്‍വയുടെ ബൗളിംഗില്‍ മുജീബുറഹ്മാന്‍ പുറത്തായി. അതോടെ പ്രതീക്ഷ അസ്തമിച്ചുവെന്നാണ് അഫ്ഗാനിസ്ഥാന്‍ കരുതിയത്. രണ്ടു പന്തുകള്‍ പ്രതിരോധിച്ച ഫസലല്ല ഫാറൂഖി മൂന്നാമത്തെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ 37.4 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 289 ന് ഓളൗട്ടായി.
യഥാര്‍ഥത്തില്‍ അഫ്ഗാനിസ്ഥാന് നെറ്റ് റണ്‍റെയ്റ്റില്‍ ശ്രീലങ്കയെ മറികടക്കാന്‍ പിന്നെയും അവസരങ്ങളുണ്ടായിരുന്നു - 37.2 ഓവറില്‍ 293, 37.3 ഓവറില്‍ 294, 38.1 ഓവറില്‍ 297 എന്നിങ്ങനെയൊക്കെ സ്‌കോര്‍ ചെയ്താല്‍ അത് സാധ്യമായിരുന്നു. ഫസലല്ല ഒരു റണ്ണെടുത്ത് റാഷിദിന് സ്‌ട്രൈക്ക് കൈമാറിയിരുന്നുവെങ്കില്‍ അത് സാധ്യമായിരുന്നു. പകരം പ്രതിരോധിച്ചു നിന്ന് ആശ്വാസ ജയം നേടാന്‍ റാഷിദിന് അവസരമൊരുക്കുകയാണ് ഫസലല്ല ചെയ്തത്.
നെറ്റ് റണ്‍റെയ്റ്റ് സാധ്യത അറിയില്ലായിരുന്നുവെന്ന് അഫ്ഗാനിസ്ഥാന്‍ കോച്ച് ജോനാഥന്‍ ട്രോട്ട് സമ്മതിച്ചു. 37.1 ഓവര്‍ കഴിഞ്ഞാലും ജയിക്കാന്‍ സാധ്യതയുണ്ടെന്ന വിവരം മാച്ച് ഒഫിഷ്യലുകള്‍ അറിയിച്ചില്ലെന്നും അവര്‍ വാദിച്ചു. യഥാര്‍ഥത്തില്‍ മാച്ച് ഒഫിഷ്യലുകള്‍ വിശദാംശങ്ങള്‍ പറയേണ്ടതില്ല, ഇക്കാര്യം ടീം മാനേജ്‌മെന്റാണ് മനസ്സിലാക്കേണ്ടിയിരുന്നത്.
2014 ലെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലെത്തിയത് ജയിക്കാന്‍ രണ്ട് റണ്‍ വേണമെന്ന ഘട്ടത്തില്‍ സിക്‌സറടിച്ച് നെറ്റ് റണ്‍റെയ്റ്റ് മറികടന്നാണ്.