പുതുപ്പള്ളിയില്‍ പോളിങ് 73.05 ശതമാനം, വോട്ട് ചെയ്യാന്‍ സാധിക്കാതെ നിരവധി പേര്‍

കോട്ടയം-പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 73.05 ശതമാനം പോളിങ്. ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോഴും പല ബൂത്തുകളിലും ക്യൂവില്‍ ആളുകളുണ്ടായിരുന്നു. പോളിങ് സ്റ്റേഷന്റെ ഗെയ്റ്റ് അടച്ച ശേഷം വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കി. 182 പോളിങ് സ്റ്റഷനുകളിലായി 73.05 ശതമാനമാണ് പോളിങ് രേപ്പെടുത്തിയത്. ഉച്ചയാകുമ്പോള്‍ തന്നെ 50 ശതമാനം പോളിങ് നടന്നു. മഴ ഭീഷണി ഒഴിഞ്ഞതോടെ വൈകീട്ടാകുമ്പോഴേക്കും പല ബൂത്തുകളിലും തിരക്ക് കൂടി. 
അതിനിടെ പലര്‍ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന പരാതിയും ഉയര്‍ന്നു. വോട്ടു ചെയ്യാന്‍ എത്തിയവര്‍ക്ക് മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വന്നു. പോളിങ് വൈകിയത് സംശയാസ്പദമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് മണര്‍ക്കാട് ഗവ. എല്‍പി സ്‌കൂളിലും ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക്ക് സ്‌കൂളിലും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയാണ്. അതിനാല്‍ അദ്ദേഹത്തിനു പുതുപ്പള്ളിയില്‍ വോട്ടില്ല.
നാല് മണിയോടെ പോളിങ് 66.54 ശതമാനം രേഖപ്പെടുത്തിയിരുന്നു. വോട്ടു ചെയ്തവരുടെ എണ്ണം 1,10,000 പിന്നിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  നാലുമണി വരെ രേഖപ്പെടുത്തിയത് 59.43 ശതമാനമായിരുന്നു. സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിവരില്‍ കൂടുതല്‍. 58,900 സ്ത്രീകള്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 

Latest News