Sorry, you need to enable JavaScript to visit this website.

ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി, കേരളം കൂടെയുണ്ട്

തിരുവനന്തപുരം- പ്രതിസന്ധികളിൽ പതറാതെ ജീവിതത്തോട് വീറോടെ പൊരുതിയ ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം കാലിൽ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണെന്നും തൊഴിൽ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങൾ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതാണെന്നും അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവർക്ക് അത് മനസിലാക്കാനാകുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാൻ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങൾ മനസിലാക്കുമ്പോൾ ആ കുട്ടിയിൽ അഭിമാനം തോന്നുന്നു. ഹനാൻ ധൈര്യപൂർവ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാൻ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവൻ ആ കുട്ടിയെ പിന്തുണക്കണം.

സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ പലതും ഇരുതല മൂർച്ചയുള്ള വാളാണെന്ന് എല്ലാവരും ഓർമ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലിൽ കൂടുതൽ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യിൽ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതൽ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓർമ്മിപ്പിക്കുന്നു. ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാൻ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
 

Latest News