Sorry, you need to enable JavaScript to visit this website.

കർഷക മെമ്പറുടെ വാർഡ് ഇനി ഹരിത സമൃദ്ധി വാർഡ്; ജെയിംസിന്റെ രാഷ്ട്രീയം വിഷരഹിത പച്ചക്കറി

പനത്തടി പത്താം വാർഡ് ഹരിത സമൃദ്ധി വാർഡായി കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി കെ ജോൺ  പ്രഖ്യാപിക്കുന്നു. 

പാണത്തൂർ- വിഷം കലർന്ന പച്ചക്കറികൾ സുലഭമായി കിട്ടുന്ന നാട്ടിൽ അത് ഭക്ഷണമാക്കി ജനങ്ങളുടെ ആരോഗ്യം മോശമാക്കുന്നത് ഒഴിവാക്കാൻ കീടനാശിനികളൊന്നും തളിക്കാതെ ജൈവവളം മാത്രം ഉപയോഗിച്ചു നട്ടുവളർത്തിയ 12,000 പച്ചക്കറി തൈകൾ വിതരണം ചെയ്തു മാതൃകയാവുകയാണ് പനത്തടി പഞ്ചായത്തിലെ പത്താം വാർഡ് മെമ്പർ കെ. ജെ ജെയിംസ്. വെണ്ട, പയർ, തക്കാളി, പച്ചമുളക്, പാവൽ, പടവലം, വഴുതന, ചീര തുടങ്ങി എട്ടിനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ പ്രവർത്തനത്തെ തുടർന്ന് പഞ്ചായത്തിലെ ഈ വാർഡ് ഹരിത സമൃദ്ധി വാർഡായി മാറുകയും ചെയ്തു. ഹരിത സമൃദ്ധി വാർഡിന്റെ  പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിൽ കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി കെ ജോൺ നടത്തി. ചടങ്ങിൽ സംബന്ധിക്കാൻ എത്തിയ മുഴുവൻ പേർക്കും സൗജന്യമായാണ് പച്ചക്കറി തൈകൾ നൽകിയത്. ഇതിന് പുറമെ 10 പേർക്ക് 250 രൂപ വിലയുള്ള തെങ്ങിൻ തൈയും നൽകി. കഴിഞ്ഞ നാലുമാസമായി പഞ്ചായത്തിൽനിന്ന് ലഭിക്കുന്ന ഹോണറേറിയം അടക്കം സമാഹരിച്ചാണ് പച്ചക്കറി തൈകൾ വളർത്താൻ മെമ്പർ ജെയിംസ് തുടങ്ങിയത്. 2020 ൽ ഇദ്ദേഹം 8000 തൈകൾ വിതരണം ചെയ്തും മാതൃക കാണിച്ചിരുന്നു. കാർഷിക മേഖലയോടുള്ള വാർഡ് മെമ്പറുടെ താൽപര്യത്തെ യോഗത്തിൽ സംബന്ധിച്ച എല്ലാവരും അഭിനന്ദിച്ചു. നേരത്തെ പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു ഈ  'കർഷക മെമ്പർ' പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ കെ.ജെ ജെയിംസ് കാർഷിക മേഖലയിൽ വലിയ ഇടപെടലാണ് നടത്തുന്നത്. അരിപ്രോഡ് സായംപ്രഭ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ഹരിത മിഷൻ റിസോഴ്‌സ് പേഴ്സൺ കെ. രാഘവൻ, പനത്തടി കൃഷി ഓഫീസർ അരുൺ ജോസ്, എ ഡി സി മെമ്പർ മൈക്കിൾ പൂവത്താനി, കർഷക അവാർഡ് ജേതാവ് ജോർജ് വർഗീസ് എന്നിവരും പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചിരുന്നു.


 

Latest News