റിയാദ്- മുപ്പതു കോടി റിയാൽ മൂല്യമുള്ള സ്വത്തിൽ അവകാശവാദമുന്നയിച്ച് സ്വദേശി പൗരന്മാർ സമർപ്പിച്ച കേസിൽ വിജയം നേടി സൗദി വഖഫ് അതോറിറ്റി.
മക്കയിൽ ഒരു നൂറ്റാണ്ടായി ഔഖാഫിന്റെ നിയന്ത്രണത്തിലുള്ള കോടികളുടെ സ്വത്ത് തങ്ങളുടേതാണെന്ന് അവകാശപ്പെട്ടാണ് ചില സൗദി പൗരന്മാർ കോടതിയെ സമീപിച്ചത്.
എന്നാൽ പരാതിക്കാരുടെ അവകാശവാദം പരിപൂർണമായി തള്ളിക്കളഞ്ഞ മക്ക അഡ്മിനിസ്ട്രേറ്റീവ് കോടതി സ്വത്തുകൾ ദൈവിക മാർഗത്തിൽ വഖഫ് ചെയ്യപ്പെട്ട നിലയിൽ അന്ത്യനാൾ വരെ തുടരുമെന്ന് വിധിക്കുകയായിരുന്നു. സൗദി വഖഫ് ബോർഡിനെ മതകാര്യ മന്ത്രാലയത്തിൽ നിന്ന് വേർപെടുത്തി ജനറൽ അതോറിറ്റി ഓഫ് ഔഖാഫ് എന്ന പേരിൽ പ്രത്യേക അതോറിറ്റിയാക്കി മാറ്റുകയും കാലങ്ങളായി സൗദിയിൽ അന്യാധീനപ്പെട്ട വഖഫ് ഭൂമികൾ തിരിച്ചു പിടിക്കൽ നടപടികൾ ത്വരിതഗതിയിൽ നടന്നു വരികയുമാണ്. കോടിക്കണക്കിനു റിയാൽ മൂല്യമുള്ള സ്വത്തുക്കളാണ് നിരവധി പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയതായി കണ്ടെത്തി തിരിച്ചു പിടിക്കാൻ സാധിച്ചത്.