മനാമ - രാജ്യത്തിന് പുറത്തുള്ളപ്പോഴും വിസ പുതുക്കാന്‍ സംവിധാനമൊരുക്കി ബഹ്‌റൈന്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ, പാസ്‌പോര്‍ട്ട് (എന്‍.പി.ആര്‍.എ) അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വഴി രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെയും വിസ പുതുക്കാന്‍ തൊഴിലുടമക്ക് അവസരം നല്‍കുന്നതാണ് പുതിയ സേവനം. എന്നാല്‍ വിസ കാലാവധി കഴിയുന്നതിന് മുന്‍പ് മാത്രമേ ഇത് സാധ്യമാവുകയുളളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈന്‍ പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അഫയേഴ്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന് പുറത്തുളളവര്‍ക്ക് വിസ പുതുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത്. വാണിജ്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ലേബര്‍ മാര്‍ക്കറ്റ് റെഗുലര്‍ അതോറിറ്റിയുമായി സംയോജിപ്പിച്ചാണ് സേവനം ലഭ്യമാക്കുക. ബഹ്‌റൈന്‍ നാഷനല്‍ പോര്‍ട്ടല്‍ വഴി ഈ സേവനം ലഭിക്കും. വര്‍ക്ക് പെര്‍മിറ്റ് പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എല്‍.എം.ആര്‍.എ ചാനലുകള്‍ വഴിയോ പുതുക്കാവുന്നതാണ്.