താമരശ്ശേരി- അമ്പലമുക്കില്‍ ലഹരി മാഫിയ പ്രവാസിയുടെ വീട് അക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും യുവാവിനെ വെട്ടുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോര്‍ട്ട് കൊച്ചി ചെള്ളായിക്കട റഫീനാ മന്‍സിലില്‍ ഷക്കീര്‍ (32), കൂടത്തായി കരിങ്ങമണ്ണ കോമന്‍തൊടുകയില്‍ വിഷ്ണുദാസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീട്ടിലാണ് ലഹരി മാഫിയ സംഘം വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മന്‍സൂറിന്റെ വീടിനോട് ചേര്‍ന്ന് അയൂബ് എന്ന ആള്‍ തന്റെ സ്ഥലത്ത് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുകയാണെന്ന് പോലീസ്. അയൂബിന്റെ കൂട്ടാളികളായ കണ്ണന്‍, ഫിറോസ് എന്നിവര്‍ മന്‍സൂറിന്റെ വീട്ടില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മന്‍സൂര്‍, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവര്‍ വീടിന്റെ വാതിലടച്ച് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ ജനല്‍ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം എറിഞ്ഞും അടിച്ചും തകര്‍ത്തു.
നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടര്‍ന്നു. ബഹളം കേട്ടെത്തിയ അമ്പലമുക്ക് സ്വദേശി ഇര്‍ഷാദിനെ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലുകളും പ്രവാസി മന്‍സൂറിന്റെ കാറിന്റെ ചില്ലുകളും ഉള്‍പ്പെടെ സംഘം തകര്‍ത്തു. രാത്രിയോടെ കൂടുതല്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി.
സംഘത്തിലെ എറണാകുളം സ്വദേശി ഷക്കീറാണ് രാത്രി തന്നെ പിടിയിരുന്നു. അക്രമം നടത്തിയ പതിനഞ്ചോളം വരുന്ന ലഹരി സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തി.
താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലഹരി ഉത്പന്നങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനുമായി സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ എത്താറുണ്ടായിരുന്നതായാണ് നാട്ടുകാര്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം.